ldf

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയിൽ സീറ്റ് വിഭജനത്തിനുള്ള ഉഭയകക്ഷി ചർച്ചകൾ ഇന്ന് ആരംഭിക്കും. സി.പി.എം- സി.പി.ഐ ചർച്ചയാണ് ആദ്യം. എ.കെ.ജി സെന്ററിലാകും കൂടിക്കാഴ്ച.

അതേസമയം, ചർച്ചയ്ക്ക് മുമ്പേ കോട്ടയത്തിന് പകരം തിരുവനന്തപുരം വച്ചു മാറാനുള്ള സാദ്ധ്യതകളാരാഞ്ഞ് ജനതാദൾ-എസ് രംഗത്തെത്തി. തിരുവനന്തപുരം സി.പി.ഐക്ക് അനുവദിച്ച സീറ്റാണ്. കോട്ടയത്ത് കഴിഞ്ഞതവണ ജെ.ഡി.എസിന് വേണ്ടി മാത്യു.ടി. തോമസ് ആണ് മത്സരിച്ചത്. തിരുവനന്തപുരം സീറ്റ് ലഭിച്ചാൽ ഡോ. നീലലോഹിതദാസിനെ മത്സരിപ്പിച്ച് നല്ല പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്ന അഭിപ്രായം ജെ.ഡി.എസ് നേതൃത്വം സി.പി.എം, സി.പി.ഐ നേതൃത്വങ്ങളെ ധരിപ്പിച്ചതായി അറിയുന്നു.

ഇതിനോട് സി.പി.ഐ നേതൃത്വം പൂർണസമ്മതം അറിയിച്ചിട്ടില്ല. തിരുവനന്തപുരം വച്ചുമാറുന്നത് ജയസാദ്ധ്യതയുള്ള സീറ്റുമായി വേണം എന്നാണ് അവരുടെ നിലപാട്. വച്ചുമാറൽ നിർദ്ദേശം ഉഭയകക്ഷി ചർച്ചയിൽ ജെ.ഡി.എസ് അറിയിച്ചേക്കും. മുന്നണിയിൽ പുതുതായെത്തിയ ലോക്‌താന്ത്രിക് ജനതാദൾ വടകരയോ കോഴിക്കോടോ ആഗ്രഹിക്കുന്നുണ്ട്. എൻ.സി.പി പത്തനംതിട്ട നേരത്തേ ആവശ്യപ്പെട്ടിരുന്നു. അത് കേരള കോൺഗ്രസ്-ബിയുമായുള്ള ലയനസാദ്ധ്യത മുന്നിൽ കണ്ടായിരുന്നു. കേരള കോൺഗ്രസ്-ബി പക്ഷേ മുന്നണിയുടെ ഘടകകക്ഷിയായതോടെ ലയനചർച്ചകൾ അടഞ്ഞ അദ്ധ്യായമായി. ഈ സ്ഥിതിക്ക് ഉഭയകക്ഷി ചർച്ചയിൽ എൻ.സി.പി ആവശ്യം ഉന്നയിക്കുമോ എന്നറിയില്ല.

ജനാധിപത്യ കേരള കോൺഗ്രസ് പത്തനംതിട്ട, കോട്ടയം, ചാലക്കുടി സീറ്റുകളിലേതെങ്കിലും ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യം അവർ അങ്ങോട്ട് ആവശ്യപ്പെട്ടേക്കില്ല. മുന്നണി നേതൃത്വം തീരുമാനിക്കട്ടെ എന്നാണ് നിലപാട്. ഇന്നും നാളെയുമായി എല്ലാ കക്ഷികളുമായും ചർച്ചകളുണ്ടാകും.