കല്ലറ: മേഖലയിലെ കശുഅണ്ടി ഫാക്ടറികളുടെ പ്രവർത്തനം നിലച്ചതിനാൽ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ പ്രതിസന്ധിയിൽ. തൊഴിലാളികളുടെ പ്രധാന വരുമാർഗങ്ങളിലൊന്നായിരുന്ന ഇവിടത്തെ കശുഅണ്ടി ഫാക്ടറികളിൽ ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തന രഹിതമാണ്. കല്ലറ മരുതമൺ, കുറ്റിമൂട്, തെങ്ങും കോട്, പാങ്ങോട്, തണ്ണിച്ചാൽ, മൂന്ന് മുക്ക്, മൂലപ്പേഴ് തുടങ്ങിയ സ്ഥലങ്ങളിലെ ഫാക്ടറികൾ ഒന്നര വർഷത്തോളമായി അടഞ്ഞു കിടക്കുന്നു. കാക്കാണിക്കര നാല് മുക്ക്, ഭരതന്നൂർ അംബേദ്കർ കോളനി എന്നിവിടങ്ങളിലുള്ള ഫാക്ടറികളുടെ പ്രവർത്തനം ഭാഗികമായി അടഞ്ഞു കിടക്കുകയാണ്. ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് മാനേജ്മെന്റിനോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഒന്നും നടപ്പാകുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. കല്ലറ, പാങ്ങോട് മേഖലയിൽ മാത്രം അയ്യായിരത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ജോലികൾ ഇല്ലാതായതോടെ നിത്യ ചെലവിന് വക കണ്ടെത്താൻ കഴിയാതെ തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ്. മിനിമം വേജസ് കമ്മിറ്റി കശുഅണ്ടി തൊഴിലാളികൾക്കുള്ള മിനിമം കൂലി വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്തതിന് പിന്നാലെയാണ് ഇവിടത്തെ ഫാക്ടറികളുടെ പ്രവർത്തനങ്ങളും നിലച്ചതെന്ന് തൊഴിലാളികൾ പറയുന്നു. വർദ്ധിപ്പിച്ച മിനിമം കൂലി നൽകാൻ തയ്യാറാകാതെ ഉടമകളിൽ ചിലർ തങ്ങളുടെ ഫാക്ടറികൾ അടച്ചുപൂട്ടുകയും തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ പുതിയ ഫാക്ടറികൾ ആരംഭിക്കുന്നതായും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.
എന്നാൽ കശുഅണ്ടിക്ഷാമം രൂക്ഷമായതാണ് ഫാക്ടറികളുടെ പ്രവർത്തനം മുടങ്ങാൻ കാരണമെന്ന് ഫാക്ടറി ഉടമകൾ പറയുന്നു. നാട്ടിൽ കശുഅണ്ടിയുടെ ലഭ്യത വളരെ കുറഞ്ഞു. കശുമാവിൻ തോട്ടങ്ങൾ റബറിന് വഴിമാറി. മറ്റു രാജ്യങ്ങളിൽ ഉത്‌പാദിപ്പിക്കുന്ന കശുഅണ്ടിയെ ആശ്രയിച്ചാണ് ഇപ്പോൾ നാട്ടിലെ ഫാക്ടറികൾ പ്രവർത്തിക്കുന്നത്. അമിതവില നൽകി കശുഅണ്ടി വാങ്ങി വ്യവസായം ലാഭകരമായി നടത്തിക്കൊണ്ടുപോകാനാകാത്ത അവസ്ഥയാണെന്നും ഇതിനായി സർക്കാരിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും ഫാക്ടറി ഉടമകൾ പറയുന്നു.