തിരുവനന്തപുരം : ആനപ്പാപ്പാനായി തനിക്ക് ജോലി ലഭിക്കാൻ അവസരം നൽകിയ ഗജമുത്തശ്ശിയെ അന്ത്യകാലത്തും പരിചരിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് ഒന്നാം പാപ്പാനായ മുകേഷ്. പാരമ്പര്യമായി ആന പാപ്പാന്മാരുടെ കുടുംബത്തിൽ നിന്നു വന്ന നെയ്യാറ്റിൻകര മഞ്ചവിളാകം സ്വദേശിയായ മുകേഷിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി കിട്ടാൻ കാരണമായത് ദാക്ഷായണി എന്ന ആനയെ പരിചരിച്ചതിലൂടെയാണ്. അച്ഛൻ മുരളീധരൻ നായരും ചേട്ടൻ രാജേഷും പാപ്പാന്മാരാണ്. ദേവസ്വം ബോർഡിന്റെ പരീക്ഷയിൽ ആന പരിചരണം നടത്തി ബോദ്ധ്യപ്പെടുത്തുകയും ആനയെ നിയന്ത്രിക്കാൻ അറിയാമെന്ന് തെളിയിക്കുകയും ചെയ്യുകയും വേണം. പരീക്ഷാ വേളയിൽ മുകേഷിന് ദാക്ഷായണിയെയാണ് ലഭിച്ചത്. പറഞ്ഞതെല്ലാം കൊച്ചുകുട്ടിയെപ്പോലെ ദാക്ഷായണി അനുസരിച്ചപ്പോൾ മുകേഷിന് കിട്ടിയത് സർക്കാർ ഉദ്യോഗമായിരുന്നു. ആദ്യം പാപ്പാനായി ജോലി ചെയ്യാൻ അവസരം ലഭിച്ചത് ശാർക്കര ചന്ദ്രശേഖരനോടൊപ്പമായിരുന്നു. എന്നാൽ തനിക്ക് അന്നം ഒരുക്കി തന്ന ദാക്ഷായണിയെ പരിചരിക്കാൻ മുകേഷിന് പിന്നെയും നാലുവർഷം കാത്തിരിക്കേണ്ടിവന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടെങ്കിലും ഇന്നലെ വൈകിട്ടും ദാക്ഷായണി യാതൊരു ആരോഗ്യപ്രശ്നവും കാണിച്ചിരുന്നില്ലെന്ന് മുകേഷ് ഓർക്കുന്നു. ദാക്ഷായണിയെ കാണാൻ തന്റെ അച്ഛനും മുൻ പാപ്പാനുമായ മുരളീധരൻ നായർ കഴിഞ്ഞ ദിവസവും പാപ്പനംകോട്ടെ ആനക്കൊട്ടിലിൽ എത്തിയിരുന്നതായി മുകേഷ് പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗം കെ.പി. ശങ്കരദാസ്, ഒ രാജഗോപാൽ എം.എൽ.എ എന്നിവർ ആന ചരിഞ്ഞ വിവരമറിഞ്ഞ് എത്തിയിരുന്നു .