തിരുവനന്തപുരം: റെന്റ് എ കാർ ഇടപാടുമായി ബന്ധപ്പെട്ട് ഒന്നര ലക്ഷത്തോളം രൂപയ്ക്കായി യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തെ വട്ടിയൂർക്കാവ് പൊലീസ് പിടികൂടി. മുട്ടത്തറ ബംഗ്ളാദേശ് കോളനി സ്വദേശികളായ മുഹമ്മദ് ബിലാൽ (24), അബ്ദുൾ റഹ്മാൻ (23), റഹീസ് (24), മുഹമ്മദ് അസ്ളം (26), മുഹമ്മദ് യാസിം (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പട്ടാപ്പകൽ വട്ടിയൂർക്കാവിൽ നടുറോഡിൽ നിന്ന് ഇമ്രാനെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്. റെന്റ് എ കാർ ഇടപാടുമായി ബന്ധപ്പെട്ട് മുഹമ്മദ് ബിലാലുമായുള്ള സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പണത്തിനായി ഇമ്രാനെ ബലംപ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി വള്ളക്കടവിലെ രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. രണ്ട് ദിവസമായിട്ടും ഇമ്രാനെ വിട്ടയക്കാതിരിക്കുകയും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടി ഇമ്രാനെ മോചിപ്പിച്ചത്. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.