പാറശാല: ഇന്നലെ നടന്ന റെയ്ഡിൽ പിടികൂടിയ 11,450 കിലോ റേഷനരി, റേഷൻ കടകൾ,ട്രാൻസ്പോർട്ടിംഗ് കരാറുകർ എന്നിവരിൽ നിന്നും ശേഖരിച്ചവയാന്നെന്നാണ് നിഗമനം. ഇതിൽ പാറശാല ഇഞ്ചി‌വിളയിലെ മുഹമ്മദ് എന്ന അരി വ്യാപാരിയുടെ നിയന്ത്രണത്തിലുള്ള വിട്ടിൽ നിന്നും 5000 കിലോ റേഷനരിയാണ് പിടികൂടിയത്. ഡേവിഡ്, ആരിഫ് ഖാൻ ,ബഷിർ ,ഷറഫുദ്ദിൻ എന്നിവരുടെ ഗോഡോണുകളിലും റെയ്ഡ് നടന്നിരുന്നു.

കഴിഞ്ഞ 28ന് പൂവ്വാറിലെ സ്വകാര്യ മില്ലിൽ നിന്നും കുണ്ടറയിലേക്ക് കടത്തുകയായിരുന്ന മൂന്ന് ലോഡ് റേഷനരി പാരിപ്പനിയിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. ഇതിനെ തുടർന്ന് ലോഡ് കയറ്റിയ പൂവ്വാറിലെ ഗോഡൗണുകൾ പൊലീസ് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. 2018 മേയ് മുതൽ സംസ്ഥാനത്ത് മൊത്ത വിൽപനക്കാരെ ഒഴിവാക്കി റേഷൻ കടകളിൽ നേരിട്ട് വിതരണം നടത്തുന്നതിന് വാതിൽപ്പടി പദ്ധതിക്കായി കരാറുകാരെ നിയമിച്ച ശേഷവും ടൺ കണക്കിനു റേഷനരി കരിഞ്ചന്തയിലെത്തിയ സംഭവം വകുപ്പിനു തലവേദനയായി മാറിയിരിക്കുകയാണ്. ഇതിനെ തുടർന്ന് ഒരാഴ്ചയായി ജില്ലയിലെ വകുപ്പ് ഉദ്യോഗസ്ഥർ നെയ്യാറ്റിൻകര മേഖലയിലെ വിവിധ ഗോഡൗണുകളിൽ പരിശോധനകൾ നടത്തിവരുകയായിരുന്നു.

വാതിൽപ്പടി സംവിധാനമെത്തിയിട്ടും 50 കിലോയുടെ ചാക്കിൽ 44 മുതൽ 48 കിലോ വരെയേ തൂക്കം ലഭിക്കാറുള്ളൂ എന്നാണ് റേഷൻ വ്യാപാരികളുടെ വിശദീകരണം. റെയ്ഡ് മുന്നിൽ കണ്ട് പല ഗോഡൗണുകളും പൂട്ടിയ നിലയിലാണ്. ഇവിടത്തെ ഗോഡൗണുകളുടെ പൂട്ടുകൾ അധികൃതർ തകർത്താണ് പരിശോധനകൾ നടത്തിയത്.