നെയ്യാറ്റിൻകര: മാനസികാസ്വാസ്ഥ്യമുള്ള മകനുമായി കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്‌ത റിട്ട. അദ്ധ്യാപികയെ അപമാനിക്കാൻ ശ്രമിക്കുകയും ഇരുവരെയും മർദ്ദിക്കുകയും ചെയ്‌ത സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം ഉയർന്നു. പ്രതികളായ വണ്ടന്നൂർ നാൽപ്പറതലയ്‌ക്കൽ പുത്തൻ വീട്ടിൽ ശ്രീകുമാരൻ (48), കോട്ടമുകൾ പാൽകുന്ന് പ്രശാന്ത് ഭവനിൽ റസലയ്യൻ (58) എന്നിവരെയാണ് കാട്ടാക്കട കോടതി റിമാൻഡ് ചെയ്‌തത്. മാറനല്ലൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം.
നെയ്യാറ്റിൻകരയിൽ നിന്ന് കാട്ടാക്കടയിലേക്കുള്ള ബസിൽ അമ്മയും മകനും വരികയായിരുന്നു. പെരുമ്പഴുതൂരിന് സമീപമെത്തിയപ്പോൾ അദ്ധ്യാപികയ്‌ക്ക് സമീപം മദ്യപിച്ച് ലക്കുകെട്ട റസലയ്യനെത്തി. ഇയാൾ ശല്യം തുടങ്ങിയതോടെ ഉച്ചത്തിൽ ശബ്ദിച്ച റിട്ട. അദ്ധ്യാപികയുടെ കവിളിൽ ഇയാൾ അടിച്ചു. എതിർത്ത മകനെയും ഇയാൾ ആക്രമിച്ചു. കോട്ടമുകളിലെത്തിയപ്പോൾ റസലയ്യൻ ബസിൽ നിന്നിറങ്ങി മകനെ വലിച്ച് റോഡിലിട്ടു. റോഡരുകിൽ നിൽക്കുകയായിരുന്ന ശ്രീകുമാരൻ റസലയ്യന്റെ സഹായത്തിനെത്തി. ഇരുവരും ചേർന്ന് പിന്നെയും മർദ്ദിക്കുന്നതിനിടെ ബസ് ഓടിച്ചു പോയി. മാറനല്ലൂർ എസ്.ഐ സജീവും സംഘവുമെത്തി പ്രതികളെ പിടികൂടുകയായിരുന്നു. യാത്രക്കാരെ വഴിയിലിറക്കി സ്ഥലം വിട്ട കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർക്കെതിരെയും ഡ്രൈവർക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം.