ksrtc-

സെക്രട്ടേറിയറ്റ് നടയിൽ പൊരിവെയിലത്ത് നീല യൂണിഫോമും ധരിച്ചു കിടക്കുന്ന സമരക്കാർ. അവർ ചിലപ്പോൾ ശയന പ്രദക്ഷിണം നടത്തും. ചിലപ്പോൾ തൊണ്ടപൊട്ടി മുദ്രാവാക്യം വിളിക്കും. കെ.എസ്.ആർ.ടി.സിക്കു താങ്ങായി നിന്നവരാണിവർ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കെ.എസ്.ആർ.ടിസി ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെട്ടവർ. ഇവർ എംപാനലുകാർ. ജോലി ചെയ്താൽ മാത്രം കൂലി. ബസ് സർവീസുകൾ മുടങ്ങാതിരിക്കാൻ ഇവർ വേണം. സ്ഥിരം ജീവനക്കാർ അവധിയെടുത്ത് മാറി നിൽക്കുമ്പോഴും ഇവർ വേണം. തിക്കും തിരക്കും നിറഞ്ഞ റൂട്ടുകളിൽ ഒരു മടിയും കൂടാതെ ഡബിൾബെല്ല് കൊടുക്കാൻ ഇക്കൂട്ടത്തിലെ ആണും പെണ്ണും എപ്പോഴും റെഡി. എന്നിട്ടും എന്തേ ഇവർക്ക് ഇങ്ങനെയൊരു ദുർവിധി?

കാരണക്കാർ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് മാത്രമല്ല,​ മാറി മാറി വന്ന സർക്കാരുകളും ഭരണം നിയന്ത്രിച്ച രാഷ്ട്രീയപാർട്ടികളുമാണ്. അവർ സൃഷ്ടിച്ച കീഴ്‌വഴക്കങ്ങളാണ്. ഇവരെ മുതലെടുത്തവരിൽ കോർപ്പറേഷനിലെ തൊഴിലാളി സംഘടനാ നേതാക്കൾക്കും ചെറുതല്ലാത്ത പങ്കുണ്ട്. എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയും അല്ലാതെയുമൊക്കെ താത്കാലിക ജീവനക്കാരായി പ്രവേശിക്കുന്നവരെ രാഷ്ട്രീയ തീരുമാനത്തിന്റെ പേരിൽ സ്ഥിരപ്പെടുത്തുന്ന രീതി കൊണ്ടു വന്നത് ഗതാഗത വകുപ്പ് ഭരിച്ചിരുന്നവരാണ്. അതുകൊണ്ടു തന്നെ എന്നെങ്കിലും ജോലി സ്ഥിരപ്പെടുമെന്ന പ്രതീക്ഷയിലാണ് ഓരോ താത്കാലിക തൊഴിലാളിയും തുടരുന്നത്.അപ്പോഴും വേറൊരു കൂട്ടർ അർഹതപ്പെട്ട തൊഴിലിനു വേണ്ടി പുറത്തു കാത്തു നിൽപ്പുണ്ടായിരുന്നു. പി.എസ്.സി പരീക്ഷ എഴുതി വിജയിച്ച് അഡ്വൈസ് മെമ്മോ ലഭിച്ചവർ. ജോലി നേടാനുള്ള അവരുടെ ന്യായമായ അവകാശം തുടർച്ചയായി നിഷേധിക്കപ്പെട്ടപ്പോഴാണ് കോടതി ഇടപെട്ടത്.

കോർപ്പറേഷന്റെ തലപ്പത്തിരുന്നവർ ജീവനക്കാരുടെ ഒഴിവ് കണക്കാക്കിയതിലെ പിഴവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് മുഖ്യ ഹേതു.. പുതിയ ബസുകൾ വാങ്ങുന്നതിന് അനുസരിച്ചോ ഷെഡ്യൂളുകൾ തുടങ്ങുന്ന മുറയ്‌ക്കോ തസ്തിക സൃഷിക്കാനുള്ള അധികാരം കെ.എസ്.ആർ.ടി.സിക്കുണ്ട്. കൂട്ടത്തിൽ, കടലാസിൽ മാത്രമുള്ള ഷെഡ്യൂളുകളുമുണ്ട്. അവ റദ്ദാക്കാതെയായിരിക്കും പുതിയത് തുടങ്ങുന്നത്. 2012 മേയിൽ 3808 റിസർവ്വ് കണ്ടക്ടർമാരുടെ ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ച് രണ്ടുതവണ കെ.എസ്.ആർ.ടി.സി പി.എസ്.സിക്ക് കത്ത് നൽകി. ഇതാണത്രേ ഒഴിവുകൾ ഇരട്ടിക്കുന്നതിന് കാരണം.

മാത്രമല്ല, ഭാവിയിൽ 500 ബസുകൾ വാങ്ങുമെന്നും അതിലൂടെ വീണ്ടും കൂടുതൽ ഒഴിവുകൾ വരുമെന്നുമുള്ള ഒരു കണക്കു കൂടി കെ.എസ്.ആർ.ടി.സി നൽകി. ഇതുൾപ്പെടെ എല്ലാ ഒഴിവുകളും കണക്കിലെടുത്ത് റാങ്ക് ലിസ്റ്റിലെ 9300 പേർക്ക് പി.എസ്.സി അഡ്വൈസ് മെമ്മോ നൽകി. അതിനിടയ്ക്കം കെ.എസ്.ആർ.ടി.സി എം.പാനലുകാരെ സ്ഥിരപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാൽ പി.എസ്.സി അഡ്വൈസ് ചെയ്തവരെ തള്ളാൻ കെ.എസ്.ആർ.ടി.സിക്കു കഴിഞ്ഞതുമില്ല.

2013 മുതൽ 2016 വരെയായി 9300 പേർക്കും നിയമനം നൽകാൻ നടപടി ആരംഭിച്ചു. . ഇതിൽ 5249 പേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. ശേഷിച്ച 4051 എൻ.ജെ.ഡി (നിയമനോപദേശം ലഭിച്ചിട്ടും ജോലിക്ക് എത്താത്തവർ) ഒഴിവുകൾ പി.എസ്.സിയെ അറിയിച്ചിരുന്നില്ല. ജോലിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ വെറുതെയിരിക്കില്ലല്ലോ! അവർ ഒരോ യൂണിറ്റിലും വിവരവാകാശ നിയമപ്രകാരം അപേക്ഷ നൽകി ഒഴിവുകളുടെ കണക്കുകൾ ശേഖരിച്ചു. അർഹതപ്പെട്ട ജോലി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു. സമരം നടത്തി. ആരും ഗൗനിച്ചില്ല. പിന്നീടാണ് കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്. ഇവരുടെ നിയമനകാര്യത്തിൽ കെ.എസ്.ആർ.ടി.സി ഉഴപ്പിയപ്പോൾ ആവശ്യത്തിന് കൊട്ട് കോടതി കൊടുക്കുകയും ചെയ്തു. അതിന്റെ തിക്തഫലം അനുഭവിക്കുന്നത് 3861 താത്കാലിക കണ്ടക്ടർമാരാണ്. അതിൽ തന്നെ, ഇപ്പോൾ സമരമുഖത്തുള്ളത്.ആയിരത്തോളം പേരും.

ബോക്സ്

എംപാനൽഡിന്റെ പിറവി

സമരത്തെ പൊളിക്കാൻ

ആർ..ബാലകൃഷ്ണപിള്ള ഗതാഗതമന്ത്രിയായിരുന്ന 1991-95 കാലത്താണ് എംപാനൽ എന്നൊരു വിഭാഗത്തെ സൃഷ്ടിക്കുന്നത്. അക്കാലത്ത് സ്ഥിരജീവനക്കാർ നടത്തിയ സമരത്തെ പൊളിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായിരുന്നു അത്.

സ്ഥിര ജീവനക്കാരുടെ അഭാവത്തിൽ ജോലി ചെയ്യാൻ സന്നദ്ധരായ ജീവനക്കാരുടെ പട്ടികയാണ് എംപാനൽഡ്. സെക്യൂരിറ്റി നിക്ഷേപം അടയ്ക്കാൻ തയ്യാറായവർക്കെല്ലാം നിയമനം നൽകി കണ്ടക്ടർക്ക് ദിവസം 35 രൂപയും ഡ്രൈവർക്ക് 40 രൂപയുമായിരുന്നു അക്കാലത്ത് ഡ്യൂട്ടി ഒന്നിന് പ്രതിഫലം. സ്ഥിരജീവനക്കാർക്ക് 150 രൂപയും. . ആദ്യം കണ്ടക്ടർ, ഡ്രൈവർ തസ്തികളിൽ മാത്രമായിരുന്നു നിയമനം. 300 പേരാണ് തുടക്കത്തിൽ എം.പാനൽ ജീവനക്കാരായി ഉണ്ടായിരുന്നത്. പിന്നീട് മെക്കാനിക്കൽ, മിനിസ്റ്റീരിയൽ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലേക്കും എംപാനൽ നിയമനത്തിന് തീരുമാനമായി താത്കാലിക ജീവനക്കാരെ ആവശ്യമുള്ളപ്പോൾ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളിൽ നിന്നും ഉദ്യോഗാർത്ഥികളുടെ പട്ടിക വാങ്ങി. എന്നാൽ കെ.എസ്.ആർ.ടി.സിയുടെ വ്യവസ്ഥകൾ പ്രകാരമായിരുന്നു താത്കാലിക നിയമനം. അവധികൾ ഒഴിവാക്കി. ദിവസക്കൂലി മാത്രം നൽകി. ബസിൽ പോയാൽ മാത്രം ഡ്യൂട്ടി നൽകും. ഒഴിവുകളുടെ 60 ശതമാനം മാത്രമായിരുന്നു പിന്നീട് പി.എസ്.സിയെ അറിയിച്ചത്. ഭരണകക്ഷിയുടെ അനുയായികൾക്ക് നിയമനം നൽകാനുള്ള അവസരമായി ക്രമേണ എംപാനൽഡ് സംവിധാനം മാറി. സംവരണ നിയമങ്ങൾ അട്ടിമറിക്കപ്പെട്ടു. ഒരു ഘട്ടത്തിൽ എംപാനൽ ലിസ്റ്റിൽ കടന്നു കയറിവരിൽ ഏറിയ പങ്കും ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരാണെന്ന ആരോപണം വരെ ഉയർന്നു. .

എംപാനൽ നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ കൂടിയതാണ് താത്കാലിക ജീവനക്കാരുടെ അഗംബലം പതിനായിരത്തിൽ കവിയാൻ കാരണം. തൊഴിലാളി സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്ന്, പത്ത് വർഷത്തിലേറെ സർവീസുള്ളവരും, വർഷം 210 ഡ്യൂട്ടി തികച്ചവരുമായവരെ 2011 ൽ സർക്കാർ സ്ഥിരപ്പെടുത്തി. ഇതിൽ 4250 പേർക്ക് നിയമനം ലഭിച്ചപ്പോൾ 3251 കണ്ടക്ടർമാരുംഅതിൽ ഉൾപ്പെട്ടു. ശേഷിക്കുന്നവർക്കും ജോലിയിൽ തുടരാൻ പ്രേരണ നൽകിയത് ഈ സ്ഥിരപ്പെടുത്തലാണ്. 2011 ന് ശേഷം എംപാനൽ നിയമനം നടന്നിട്ടില്ല. വിവിധ വിഭാഗങ്ങളിലായി 8023 താത്കാലിക ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ കണ്ടക്ടർമാരല്ലാത്തവരുടെ ഭാവി ഇപ്പോൾ തുലാസിലാണ്.

ഓ‌ർഡിൻസ് മാത്രമല്ല പോംവഴി

സമരം ചെയ്യുന്ന എംപാനൽ കൂട്ടായ്മയുടെ ഭാരവാഹികളെ ചർച്ചയ്ക്കു വിളിച്ച മന്ത്രി എ.കെ.ശശീന്ദ്രൻ അവർക്ക് പ്രതീക്ഷ നൽകിയിരിക്കുകയാണിപ്പോൾ. കോടതി ഉത്തരവ് പ്രകാരം പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിന് ഓർഡിൻസ് ഇറക്കുന്നതിനെ കുറിച്ചുവരെ ഇപ്പേൾ ചർച്ച നടക്കുന്നുണ്ട്. സ്വന്തം ഓഫീസിലെ ഫയലുകളിലുള്ള റിപ്പോർട്ടുകൾ കൂടി മന്ത്രി ദയവായി ഒന്ന് വായിച്ചു നോക്കണം. അപ്പോൾ വഴി തെളിയും. 3861 കണ്ടക്ടർമാർ പുറത്ത് പോയപ്പോൾ റിസലർവ് കണ്ടക്ടർമാരായി പ്രവേശിച്ചത് 1500 പേരാണ്. ബാക്കി ഒഴിവുകൾ ഇപ്പോഴുമുണ്ട്. സ്വകാര്യ ബസ് വാടകയ്ക്ക് എടുത്തുകൊണ്ട് കെ.എസ്.ആർ.ടി.സിയുടെ സാനിദ്ധ്യം കൂട്ടാനുള്ള പദ്ധതി ഗതാഗത വകുപ്പിലുണ്ട്. ഒരു നിശ്ചിത തുക വാടക നൽകി സ്വകാര്യ ബസ് വാടകയ്ക്ക് ലഭിക്കുമ്പോൾ ആ ബസ് ഓടുന്ന റൂട്ടും കിട്ടും. കെ.എസ്.ആർ.ടി.സി നിയമിക്കേണ്ടത് കണ്ടക്ടറെ മാത്രമാണ്. ആ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചാൽ തന്നെ തീരാവുന്നതെയുള്ളൂ ഈ പ്രശ്നം .(തുടരും)