തിരുവനന്തപുരം: വെള്ളമില്ലാത്തതിനാൽ കുടിക്കാനും കുളിക്കാനുംപോയിട്ട് പ്രാഥമികാവശ്യം നിറവേറ്റാൻപോലും കഴിയാതെ അവസ്ഥയിലാണ് ജനറൽ ആശുപത്രിയിലെ രോഗികൾ. കാര്യങ്ങൾ നടത്തണമെങ്കിൽ കുപ്പിവെള്ളംതന്നെ ആശ്രയം. കഴിഞ്ഞ ഏതാനും ആഴ്ചകളായി രോഗികളും കൂട്ടിരിപ്പുകാരും അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. രോഗികളുടെ പരാതികളിലും പ്രതിഷേധത്തിലും ജീവനക്കാരും പൊറുതി മുട്ടി. പൈപ്പ്‌ലൈൻ കണക്ഷന് വർഷങ്ങൾക്ക് മുമ്പ് വാട്ടർ അതോറിട്ടിയിൽ നൽകിയ അപേക്ഷയിൽ റോഡ് മുറിച്ച് കണക്ഷൻ നൽകുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് ആശുപത്രിയിലെ കുടിവെള്ളക്ഷാമത്തിന് കാരണം.
വാട്ടർ അതോറിട്ടിയിൽ നിന്ന് ടാങ്കറുകളിലെത്തിക്കുന്ന വെള്ളമാണ് ആശ്രയം. രണ്ട് ടാങ്കറുകളിലായി പ്രതിദിനം പതിനായിരം ലിറ്രർ വെള്ളം എത്തിച്ചുകൊണ്ടിരുന്നെങ്കിലും വേനൽ കടുത്തതോടെ ഒരു ടാങ്കർ പോലും എത്താതായി. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ആശുപത്രി വളപ്പിലെ കിണറിൽ നിന്ന് വെള്ളം ലഭിക്കുന്ന രണ്ട് വാർഡുകളൊഴികെ ഐ.സി, ഡയാലിസിസ് , ഓപ്പറേഷൻ തിയേറ്റർ, ലബോറട്ടി, ഒരു ഡസനോളം വാർഡുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം ദിവസങ്ങളായി അവതാളത്തിലാണ്. ടോയ്ലറ്റുകളുൾപ്പെടെ വൃത്തിഹീനമാണ്. അതിനാൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ രോഗികളും വലയുന്നു.
വെള്ളക്ഷാമം രൂക്ഷമായതോടെ സ്വകാര്യ ഏജൻസികളെ ആശുപത്രി അധികൃതർ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രോഗികൾക്ക് കുടിക്കാനും ശസ്ത്രക്രിയയ്ക്കും ലബോറട്ടി, ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനത്തിനും ശുദ്ധജലം ആവശ്യമാണ്. തത് സ്ഥിതി തുടർന്നാൽ ലബോറട്ടറിയും ഡയാലിസിസ് യൂണിറ്റും തിയേറ്ററും അടച്ചിടേണ്ടിവരും. വെള്ളമില്ലാത്തതിനാൽ കഴിഞ്ഞ ദിവസം ലാബിന്റെ പ്രവർത്തനം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. ശസ്ത്രക്രിയകൾ നടക്കുന്ന ഘട്ടത്തിലും മറ്റും വെള്ളമില്ലാതെ തിയേറ്ററിന്റെ പ്രവർത്തനം നിലച്ചാൽ ഗുരുതരമായ പ്രതിസന്ധിയാകും ഉണ്ടാകുക. ആശുപത്രിയിലെ കാന്റീന്റെ പ്രവർത്തനവും തകരാറിലായി.ചില വാർഡുകൾ അറ്റകുറ്രപ്പണികൾക്കായി അടച്ചിട്ടതിനോടൊപ്പം വെള്ളക്ഷാമം കൂടി രൂക്ഷമായതോടെ കിടപ്പുരോഗികളുടെ എണ്ണം പകുതിയായി കുറഞ്ഞു.
രോഗികൾ
ഒ.പി - 2963 ( ഇന്നലത്തെത്)
ഐ.പി - ആകെ കിടക്കകൾ-747
നിലവിലുള്ള ഐ.പി രോഗികൾ- 479
ഇന്നലെ അഡ്മിറ്റായവർ- 74
ആശുപത്രിയിലെ കുടിവെള്ള കണക്ഷനുള്ള തടസം ആരും ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. അതേപ്പറ്റി ഗൗരവമായി അന്വേഷിക്കും. വാട്ടർ അതോറിട്ടി എം.ഡി ഫോൺ വിളിച്ചാൽപോലും എടുക്കാറില്ല. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുടിവെള്ളം എത്തിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ നടത്തണം. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.
കെ. മുരളീധരൻ.എം.എൽ.എ
ആശുപത്രിയിൽ കൃത്യമായി കുടിവെള്ളം എത്തിക്കാൻ ജല അതോറിട്ടിക്ക് നിർദേശം നൽകും. ആശുപത്രിയിലേക്കുള്ള കുടിവെള്ള കണക്ഷന് നേരിടുന്ന തടസത്തെപ്പറ്റി ആശുപത്രി സൂപ്രണ്ട്, ജല അതോറിട്ടി ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടിയശേഷം നടപടിയെടുക്കും.
കെ.കെ.ശൈലജ, ആരോഗ്യ മന്ത്രി.
വാട്ടർ അതോറിട്ടിയിൽ നിന്ന് കൃത്യമായി വെള്ളം എത്താത്തതാണ് പ്രശ്നം. ഉച്ചകഴിഞ്ഞാണ് വെള്ളം എത്തുന്നത്. രാവിലെ ആയിരക്കണക്കിനാളുകൾ ഒ.പിയിലെത്തുന്ന സമയത്ത് വെള്ളമില്ല. വാട്ടർ കണക്ഷനായി ജല അതോറിട്ടി ഓഫീസിൽ കയറിയിറങ്ങുന്നുണ്ടെങ്കിലും പരിഹാരമായിട്ടില്ല.
ആർ.എം.ഒ, ജനറൽ ആശുപത്രി.