തിരുവനന്തപുരം : മൊബൈൽ ഫോൺ, നാവിക് സിഗ്നലുകൾ ആഴക്കടലിൽ തടസമില്ലാതെ ലഭിക്കുന്നതിനുള്ള വാർത്താവിനിമയ ഉപഗ്രഹം ജി.സാറ്റ്-31 തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറു സ്‌പെയ്സ് പോർട്ടിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ പുലർച്ചെ 2.31ന് യൂറോപ്യൻ സ്‌പെയ്സ് ഏജൻസിയുടെ ഏരിയൻ 5 വി.എ 247 റോക്കറ്റിൽ സൗദി അറേബ്യയുടെ ഹല്ലാസാറ്റ് 4 ഉപഗ്രഹത്തിനൊപ്പമായിരുന്നു വിക്ഷേപണം. 15 വർഷം കാലാവധിയുള്ള ജി.സാറ്റിന് 2536 കിലോഗ്രാം ഭാരമുണ്ട്. ഐ.എസ്.ആർ.ഒയുടെ നാല്പതാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണിത്.
വിക്ഷേപണം കഴിഞ്ഞ് 42 മിനിട്ടിന് ശേഷം ബംഗളൂരു ഹാസനിലെ മാസ്റ്റർ കൺട്രോൾ കേന്ദ്രത്തിൽ ജി.സാറ്റിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു. സോളാർ പാനലുകളും സിഗ്നൽ ചിറകുകളും സ്വയം വിടർന്ന ജി.സാറ്റിപ്പോൾ 35850 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ്. 36000 കിലോമീറ്റർ ഉയരത്തിലേക്കും കിഴക്കേ രേഖാംശം 48 ഡിഗ്രിയിലേക്കും തള്ളിനീക്കുന്ന ജോലി ഉടൻ ആരംഭിക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
യൂറോപ്യൻ സ്‌പെയ്സ് ഏജൻസിയുടെ ഇൗ വർഷത്തെ ആദ്യ ഉപഗ്രഹവിക്ഷേപണമാണിത്. ഇന്ത്യയുടെ 23 -ാമത്തെ ഉപഗ്രഹമാണ് ഏരിയൻ റോക്കറ്റിൽ വിക്ഷേപിക്കുന്നത്. 1981ൽ ആപ്പിൾ ഉപഗ്രഹമാണ് ഇന്ത്യ ആദ്യമായി ഏരിയൻ റോക്കറ്റിലയച്ചത്.
പ്രത്യേകതകൾ ഇങ്ങനെ
വാർത്താവിനിമയത്തിനുള്ള ശക്തമായ 14 ജിഗാഹെർട്സ് വേഗത്തിൽ സിഗ്നലുകൾ കൈമാറുന്ന മൈക്രോവേവ് ഫ്രീക്വൻസിയുള്ള കുബാൻഡ് ട്രാൻസ്‌പോണ്ടറുകളാണ് ജി.സാറ്റ് 31ന്റെ സവിശേഷത. ഇൻസാറ്റ് 4 സി.ആർ ജൂണിൽ കാലാവധി അവസാനിക്കുന്ന ഇൻസാറ്റ് 4 സി.ആറിന്റെ ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനൊപ്പം കൂടുതൽ സേവനങ്ങൾ നൽകാനും ജി.സാറ്റിനാകും. ഇതിലൂടെ ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ തുടങ്ങിയ ഇന്ത്യയ്ക്ക് ചുറ്റുമുള്ള കടൽ മേഖലയിലെ വാർത്താവിനിമയ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും രാജ്യത്തെ ടി.വി ചാനൽ മേഖലയിലെ വർദ്ധിച്ച ആവശ്യങ്ങൾ നിറവേറ്റാനും, വിസാറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്ക് കരുത്തേകാനും കഴിയും.