ഈജിപ്തിലെ മമ്മികളെ സംബന്ധിക്കുന്നത് എന്തും എക്കാലവും ചരിത്രത്തിലെ വലിയവാർത്തകൾ തന്നെയാണ്. ഈജിപ്ഷ്യൻ ഫറവോയായിരുന്ന തൂത്തൻഖാമന്റെ മുഖത്തിന്റെയും കാൽപ്പാദങ്ങളുടെയും ചിത്രങ്ങൾ പുറത്തുവന്നതാണ് മമ്മിലോകത്തുനിന്നുള്ള ഏറ്റവും പുതിയ വാർത്ത. ശവകുടീരത്തിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈജിപ്തിന്റെ ഫറവോയായിരുന്ന തൂത്തൻഖാമന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടതും.
പതിനെട്ടാം വയസിലാണ് തൂത്തൻഖാമൻ മരിച്ചത്. ഭൂഗർഭ അറയിലെ കാലാവസ്ഥ നിയന്ത്രിത ചില്ലുകൂട്ടിലാണ് നിലവിൽ അദ്ദേഹത്തിന്റെ മമ്മി സൂക്ഷിച്ചിരിക്കുന്നത്. ഈജിപ്തിലെ ലക്‌സോർ നഗരത്തിന് തെക്കായി രാജാക്കന്മാരുടെ താഴ്‌വാരം എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തു നിന്നായിരുന്നു തൂത്തൻഖാമന്റെ മമ്മി 1922ൽ കണ്ടെടുത്തത്. ബ്രിട്ടീഷുകാരനായ ഹവാർഡ് കാർട്ടർ എന്ന പുരാവസ്തു ഗവേഷകനായിരുന്നു ഈ ശവകുടീരം കണ്ടെത്തിയത്. കല്ലറ തുറന്നപ്പോൾ കണ്ടെത്തിയതോ 11 കിലോ സ്വർണത്തിൽ പൊതിഞ്ഞ മുഖംമൂടിയും സ്വർണ്ണ ശവപ്പെട്ടിയും വിലമതിക്കാനാവാത്ത രത്‌നങ്ങളും സ്വർണ്ണശേഖരവും!!!
ജർമ്മനിയിലെ ടബിംഗൻ സർവകലാശാലയിലെ പ്രൊഫസർ ഫാൾസ്നറുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഇപ്പോൾ പെട്ടിതുറന്നത്. ആവനാഴികൾ, വില്ലുകൾ തുടങ്ങി അനേകം സാധനങ്ങളും തൂത്തൻഖാമന്റെ ശവപ്പെട്ടിയിലുണ്ടായിരുന്നുവത്രെ!