തിരുവനന്തപുരം: പഴുതടച്ച ഭക്ഷ്യ ഭദ്രതാ നിയമത്തിലും വിരുതന്മാർ പഴുതുകൾ കണ്ടെത്തി റേഷനരി കരിഞ്ചന്തയിലേക്ക് കടത്തുന്നു! വാതിൽപടി വിതരണവും ഇ-പോസുമൊക്കെയായി എല്ലാം സുരക്ഷിതമാണെന്ന് കരുതിയിരിക്കുമ്പോഴാണ് അധികൃതരുടെ കണ്ണുവെട്ടിച്ചോ ഒത്താശയോടെയോ റേഷനരി കടത്ത് വ്യാപകമാകുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പാരിപ്പള്ളിയിൽ നിന്ന് ബ്രാൻഡഡ് എന്ന പേരിൽ കടത്തിയ 790 ചാക്ക് റേഷനരിയും കഴിഞ്ഞ ദിവസം പാറശാല ഇഞ്ചിവിളയ്ക്ക് സമീപം സ്വകാര്യ ഗോഡൗണുകളിൽ നിന്ന് 11,700 കിലോ റേഷൻ സാധനങ്ങളും പിടിച്ചത് ഇതിന് തെളിവാണ്.
തമിഴ്നാട്ടിൽ നിന്ന് റേഷനരി കടത്ത് നടക്കുന്നുവെന്ന് ആക്ഷേപം ഉയരുമ്പോൾതന്നെ കേരളത്തിലെ ചില റേഷൻ കടകളിൽ നിന്നും ചാക്കുകണക്കിന് സാധനങ്ങൾ കരിഞ്ചന്തയിലേക്ക് മറിയുകയാണത്രേ.
കാർഡുടമകളെ കബളിപ്പിച്ചാണ് പലപ്പോഴും കരിഞ്ചന്തയിലേക്ക് മറിക്കൽ നടത്തുന്നത്. ഇവ രഹസ്യ ഗോഡൗണുകളിലെത്തിച്ച് ചാക്ക് മാറ്റി ബ്രാൻഡഡ് എന്ന പേരിൽ വിറ്റഴിച്ച് കൊയ്ത്ത് നടത്തുകയാണ് ഇടനിലക്കാർ.
കടത്ത് സാദ്ധ്യത
സ്റ്റോക്കെടുക്കുമ്പോൾ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നുതന്നെ ലോഡുകണക്കിന് സാധനങ്ങൾ മറിച്ചുവിൽക്കുന്നതായിരുന്നു മുമ്പത്തെ രീതി. റേഷൻ കടകളിൽ നിന്ന് ചാക്കുകണക്കിന് സാധനങ്ങൾ ഇടനിലക്കാരുടെ സഹായത്തോടെ സംഭരിച്ച് കടത്തുന്നതാണ് ഇപ്പോഴത്തെ രീതി. കാർഡ് ഉടമകൾ അറിഞ്ഞും അറിയാതെയും ഇത് അരങ്ങേറുന്നു.
രീതി ഒന്ന്
റേഷൻ കടകളിൽ ഇ- പോസ് മെഷീനിൽ വിരൽ പതിച്ചശേഷം അലോട്ട് ചെയ്ത ഭക്ഷ്യധാന്യങ്ങളുടെ തൂക്കത്തിൽ വെട്ടിപ്പ് നടത്തും. ഈ- പോസ് വന്നെങ്കിലും പലരും തങ്ങൾക്കുള്ള സാധനങ്ങളുടെ ബിൽ പരിശോധിക്കാൻ കൂട്ടാക്കാത്തത് ഇത്തരക്കാർക്ക് എളുപ്പമാകുന്നു.
രീതി രണ്ട്
റേഷനരി വേണ്ടാത്ത ചില കാർഡുടമകൾ ഇ- പോസിൽ വിരൽ പതിച്ചശേഷം സാധനം റേഷൻ കടയുടമയ്ക്ക് തന്നെ നൽകും. പകരം അഡ്ജസ്റ്റുമെന്റിൽ ഗോതമ്പോ, മണ്ണെണ്ണയോ, ആട്ടയോ കടക്കാർ നൽകും. പലരിൽ നിന്നാകുമ്പോൾ ഇത് വലിയ അളവ് വരും. ഇത് കരിഞ്ചന്തക്കാർക്ക് മറിച്ചുവിൽക്കും. ചില ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടെങ്കിൽ ഈ തിരിമറി പെട്ടെന്ന് കണ്ടെത്താനുമാവില്ല.
ചാക്ക് മാറും
ഇത്തരത്തിൽ സംഭരിക്കുന്ന അരി രഹസ്യ ഗോഡൗണുകളിലേക്കാണ് ചെല്ലുക. അവിടെ ഒരു പേര് നൽകി പുതിയ ചാക്കിൽ നിറയ്ക്കും. ചില ഹോട്ടലുകൾ, അരിമാവ് വിൽപ്പനക്കാർ തുടങ്ങിയവരൊക്കെ ഈ അരിയാണ് വാങ്ങുന്നതെന്നും വിവരമുണ്ട്.
കടത്ത് വിവരം ലഭിച്ചിട്ടുണ്ട്
ഇ- പോസ് സംവിധാനം വന്നശേഷവും പല സ്ഥലങ്ങളിലും ഇത്തരത്തിൽ കടത്തും കരിഞ്ചന്തയും നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഏറെയും നടക്കുന്നത്. ചില മിൽ ലോബികളുടെ സഹായത്തോടെ ഇവ ബ്രാൻഡഡ് എന്ന പേരിൽ വിറ്റഴിക്കുന്നതായാണ് വിവരം. വരും ദിവസങ്ങളിലും നിരീക്ഷണവും പരിശോധനയും തുടരും.
ഹരിപ്രസാദ്, വിജിലൻസ് ഓഫീസർ, സിവിൽ സപ്ളൈസ് വകുപ്പ്
കടക്കാരെ പഴിക്കരുത്
സാധനങ്ങൾ കടകളിലെത്തിച്ച് തൂക്കി റേഷൻ കടകൾക്ക് നൽകി കൈപ്പറ്റ് രസീത് വാങ്ങണമെന്നാണ് ചട്ടം. ഇത് പാലിക്കാതെ ഓരോ കടകൾക്കും ക്വിന്റൽ കണക്കിന് സാധനങ്ങൾ കുറച്ചാണ് വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ കുറവ് വരുത്തി ഗോഡൗണുകളിൽ സംഭരിക്കുന്ന സാധനങ്ങൾ അവിടെ നിന്നുതന്നെ കരിഞ്ചന്തയിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. എന്നിട്ട് കടക്കാരെ പഴിക്കുന്നതിൽ കഴമ്പില്ല. ഈ- പോസ് നിലവിൽ വന്നശേഷം കടകളിൽ നിന്ന് കരിഞ്ചന്തയിലേക്ക് മറിച്ച് വിൽക്കാൻ കഴിയില്ല. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നടപടിയുണ്ടായില്ല.
ടി. മുഹമ്മദലി, സംസ്ഥാന ജനറൽ സെക്രട്ടറി, ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ