കയർ മേഖലയോട് അവഗണനയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം:വീടുകളിൽ നിന്ന് കുടുംബശ്രീ മുഖേന തൊണ്ട് ശേഖരിച്ച് ഒരു വർഷത്തിനകം ചകിരി ഉത്പാദനം മൂന്നിരട്ടിയും കയർ ഉത്പാദനം ഇരട്ടിയുമാക്കുമെന്ന് മന്ത്റി ഡോ. തോമസ് ഐസക്ക് നിയമസഭയെ അറിയിച്ചു. കയർ തൊഴിലാളികളുടെ ദിവസക്കൂലി 500-600 രൂപയാക്കാൻ ശ്രമിക്കുമെന്നും അടൂർ പ്രകാശിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.
കയർ മേഖലയോടുള്ള സർക്കാർ അവഗണനയിലും കയർ തൊഴിലാളി സംഘടനകളുടെയും സംഘങ്ങളുടെയും യോഗം വിളിക്കാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
വീടുകളിൽ നിന്ന് ശേഖരിക്കുന്ന തൊണ്ടൊന്നിന് 50 പൈസ കുടുംബശ്രീക്ക് സബ്‌സിഡി നൽകുമെന്ന് ഐസക് പറഞ്ഞു. നാലു ലക്ഷം ക്വിന്റൽ കയർ ഉത്പാദനമാണ് ലക്ഷ്യം. ചകിരിച്ചോറിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കാൻ നെതർലാൻഡ്സ് സർക്കാരുമായി ചർച്ച നടത്തി. കയർ പിരിക്കുന്ന 10,000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷിനുകൾ ലഭ്യമാക്കാനാണ് ശ്രമം. യന്ത്റവത്കരണത്തിൽ തൊഴിലാളികൾക്കു പരിശീലനം നൽകും. ഇതിലേക്കു മാറുന്നതോടെ കൂലി 500 രൂപയാക്കാനാവും. ജനുവരി ഒന്നു മുതൽ കൂലി 300ൽ നിന്ന് 350 രൂപയാക്കി. തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കാമെന്നും മന്ത്റി അറിയിച്ചു.
ആവശ്യത്തിനു തൊണ്ടു ലഭിക്കാത്തതിനാൽ കയർമേഖല നിശ്ചലമാകുമെന്ന് അടൂർ പ്രകാശ് ആരോപിച്ചു. കുടുംബശ്രീയുടെ തൊണ്ടു സംഭരണം വിജയിച്ചില്ല. ചകിരി ലഭിക്കാതെ സംഘങ്ങളും പ്രതിസന്ധിയിലാണ്.ചകിരിക്ക് നിലവാരമില്ല.തൊഴിലാളികളുടെ കൂലി 500 രൂപയാക്കണമെന്നും ചരക്കു സേവന നികുതിയിൽ നിന്ന് കയർമേഖലയെ ഒഴിവാക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു. കയർ തൊഴിലാളികളുടെ പ്രശ്‌നങ്ങളും സംഘങ്ങളുടെ പ്രതിസന്ധിയും മന്ത്രി മനസിലാക്കിയിട്ടില്ലെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡോ.എം.കെ. മുനീർ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.