തിരുവനന്തപുരം: മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിന് സിയാൽ മാതൃകയിലുള്ള കമ്പനി സ്ഥാപിക്കുന്നതോടെ റബർമേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് മന്ത്റി വി.എസ്. സുനിൽകുമാർ നിയമസഭയിൽ പറഞ്ഞു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന റബറിൽ 95 ശതമാനവും കേരളത്തിൽ നിന്നാണ്. എന്നിട്ടും കേന്ദ്ര സർക്കാർ കേരളത്തോട് പ്രതികാര സമീപനം പുലർത്തുന്നതായി മോൻസ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്റി പറഞ്ഞു. റബർ കർഷകർക്ക് പ്രത്യേക പാക്കേജ് വേണമെന്നും കിലോയ്ക്ക് 250 രൂപയെങ്കിലും കിട്ടത്തക്കവിധം വിലസ്ഥിരത ഉറപ്പാക്കണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
റബർ ഇറക്കുമതി നിറുത്താൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് മന്ത്റി അറിയിച്ചു. 500 കോടി രൂപ പ്രത്യേക പാക്കേജിനായി മാറ്റിയിട്ടുണ്ട്.
റബർ മേഖലയിലെ അനിശ്ചിതാവസ്ഥ ഒഴിവാക്കാൻ മുല്യവർദ്ധിത ഉത്പന്നങ്ങളിലേക്കു മാറണം. ഇതിനാണ് മുഖ്യമന്ത്റി ചെയർമാനും വ്യവസായമന്ത്റി വൈസ് ചെയർമാനും കൃഷിമന്ത്റി ഡയറക്ടറുമായ കമ്പനി രൂപീകരിച്ചത്. കിലോയ്ക്ക് 200 രൂപയാക്കാൻ ആവശ്യമായ വിഹിതം കേന്ദ്രം നൽകണമെന്നു ടാസ്‌ക്ഫോഴ്സ് നിർദ്ദേശം ഉണ്ടായിരുന്നു. റബറിനെ ഇതുവരെ കാർഷിക വിളയായി അംഗീകരിച്ചിട്ടില്ല. കേരളത്തിൽ കൃഷി വകുപ്പിനു കീഴിലാണെങ്കിലും കേന്ദ്രത്തിൽ വാണിജ്യമന്ത്റാലയത്തിനു കീഴിലാണെന്നും മന്ത്റി അറിയിച്ചു.