window-glass

നേമം: നേമം യു.പി സ്‌കൂളിലെ ക്ലാസ് മുറികൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കല്ലേറിൽ ക്ലാസ് മുറികളുടെ ചില്ലുകൾ തകർന്നു. രാവിലെ ക്ലാസിലെത്തിയ കുട്ടിയുടെ കാലിൽ കുപ്പിച്ചില്ല് കുത്തിക്കയറി പരിക്കേറ്റു. റോഡിനോട് ചേർന്നുള്ള ക്ലാസ് മുറിയിലേക്കാണ് ചൊവ്വാഴ്ച രാത്രി 11ഓടെ സാമൂഹ്യ വിരുദ്ധർ കല്ലെറിഞ്ഞത്. മുറിയുടെ നാല് ജനൽച്ചില്ലുകളും ക്ലാസ് മുറിക്കുള്ളിലുണ്ടായിരുന്ന ട്യൂബ് ലൈറ്റും തകർന്നു. പ്രൊജക്ടറും സ്ക്രീനും മുറിയിൽ സ്ഥാപിച്ചിട്ടുണ്ടായിരുന്നെങ്കിലും കേടുപാട് ഉണ്ടായില്ല. രാത്രി 11 വരെ സ്‌കൂൾ വാച്ച്മാൻ ആഡിറ്റോറിയത്തിലുണ്ടായിരുന്നു. സ്‌കൂളുമായി ബന്ധപ്പെട്ട് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം പതിവാണെന്ന് ഹെഡ്മാസ്റ്റർ ജയചന്ദ്രൻ പറഞ്ഞു. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളിലെ ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് എസ്.എം.സി ചെയർമാൻ സജി പറഞ്ഞു.