ksrtc-strike

തിരുവനന്തപുരം: സംസ്ഥാനത്ത് അമിതവേഗത്തിൽ വാഹനമോടിച്ച 191 കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ആകെ 47,​367 പേർക്കാണ് ലൈസൻസ് നഷ്ടമായത്. 2018ൽ റോഡപകടങ്ങളിൽ 10,​643 പേർക്ക് ജീവൻ നഷ്ടമായി. അമിത വേഗം കണ്ടെത്താനുള്ള കാമറയിൽ 4,​54,​567 വാഹനങ്ങൾ കുടുങ്ങി. 1,56,975 പേരിൽ നിന്നായി 6,39,51,600 രൂപ പിഴ ഇനത്തിൽ ഈടാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്താകെ 1.23 കോടി വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിട്ടുണ്ട്. രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞ ശേഷവും നിരത്തിലിറങ്ങിയ 7082 വാഹനങ്ങൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പിടിച്ചെടുത്തു. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ തടയുന്നതിന് 51 എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും, 11 ഇന്റർസെപ്ടർ വാഹനങ്ങളും പ്രവർത്തിച്ചുവരുന്നുണ്ട്.