തിരുവനന്തപുരം: അടുത്ത ഒന്നര വർഷത്തിനുള്ളിൽ രാജ്യത്തെ ആദ്യ ഡിജിറ്റൽ സഭയായി കേരള നിയമസഭ മാറുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇതിനുള്ള വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂർണമായി ഡിജിറ്റൽ ആകുന്നതോടെ പ്രതിവർഷം 30 കോടിയുടെ അച്ചടിച്ചെലവ് ഒഴിവാക്കാനാകും. ഇതുസംബന്ധിച്ച് ആദ്യം സമർപ്പിച്ച പദ്ധതിരേഖയോട് അനുകൂല നിലപാടായിരുന്നുവെങ്കിലും പിന്നീട് കേന്ദ്രം പിന്മാറുകയായിരുന്നു. തുടർന്ന് പുതുക്കിയ പദ്ധതിരേഖ സമർപ്പിച്ചു. ഡിജിറ്റൽ സംവിധാനത്തിൽ എം.എൽ.എമാർക്ക് പരിശീലനം നൽകും. അംഗങ്ങൾ ഇതിനോട് സഹകരിക്കണം. നിലവിൽ ഓൺലൈനായി ചോദ്യങ്ങൾ സമർപ്പിക്കാൻ സംവിധാനം ഉണ്ടെങ്കിലും ചുരുക്കം പേരാണ് ഇത് ഉപയോഗിക്കുന്നതെന്നും സ്‌പീക്കർ പറഞ്ഞു.
ചോദ്യോത്തരവേളയിൽ ഷാഫി പറമ്പിലാണ് വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സഭാനടപടികൾക്കായി വളരെ അധികം കടലാസുകളാണ് ഉപയോഗിക്കുന്നതെന്നും ടേബിളിൽ എൽ.ഇ.ഡി സ്‌ക്രീൻ ഉപയോഗിച്ചാൽ എത്രയോ മരങ്ങൾ സംരക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽവത്കരണം സർക്കാർ ഓഫീസുകളിൽ നിന്ന് ആരംഭിക്കുന്നതിന് മുമ്പ് നിയമസഭയിൽ നിന്ന് ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. മറുപടി പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തിൽ സ്പീക്കറിനാകും കൂടുതൽ പറയാനാവുകയെന്ന് വ്യക്തമാക്കുകയായിരുന്നു.