railway

തിരുവനന്തപുരം: ദീർഘകാലമായി മരവിച്ചു കിടക്കുന്ന തലശേരി - മൈസൂർ റെയിൽപാതയ്‌ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു. പാരിസ്ഥിതിക എതിർപ്പ് മറികടക്കാൻ പുതിയ പാതയുടെ 11.5 കിലോ മീറ്റർ കബനീ നദിക്കടിയിലൂടെ ഏതാണ്ട് നദിക്ക് സമാന്തരമായി നിർമ്മിക്കുന്ന തുരങ്കത്തിലൂടെയാണ് വിഭാവനം ചെയ്യുന്നത്.

കർണാടകത്തിലെ നാഗർഹോള , ബന്ദിപ്പൂർ വനത്തിലൂടെ ഒഴുകുന്ന കബനീ നദിയുടെ അടിയിലൂടെ ടണൽ പാത നിർമ്മിക്കാനുള്ള നിർദ്ദേശം കർണാടക സർക്കാരിന് സമർപ്പിച്ചു. കേന്ദ്ര,​ കേരള സർക്കാരുകൾക്ക് 49:51 ശതമാനം ഓഹരിയുള്ള കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷനാണ് പദ്ധതി സമർപ്പിച്ചത്.

നേരത്തേ തലശശേരി - കൂത്തുപറമ്പ് - മാനന്തവാടി, - കുട്ട വഴിയായിരുന്നു റെയിൽപാത വിഭാവനം ചെയ്‌തിരുന്നത്. കർണാടക അതിർത്തിയിലെ കാപ്പിത്തോട്ടം ഉടമകളുടെ എതിർപ്പിനെ തുടർന്നാണ് നദിക്കടിയിലൂടെ പാത ആലോചിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കാട്, വയനാട്, ജില്ലകളിലുളളവർക്ക് മൈസൂരിലും ബാംഗ്ലൂരിലും എത്താൻ എളുപ്പമായിരിക്കും പുതിയ റൂട്ട്.ചെലവും കുറയും.

മംഗലാപുരം - ബംഗളുരു പാതയിലെ ചരക്ക് നീക്കം ശേഷി കവിഞ്ഞതിനാൽ അധിക ചരക്ക് നീക്കം പുതിയ പാതവഴിയാക്കാം. ഇപ്പോൾ വനമേഖലയിലൂടെ രാത്രി യാത്രയ്ക്ക് തടസമുള്ളതിനാൽ കാറുകളും മറ്രുവാഹനങ്ങളും പുതിയ റൂട്ടിൽ ട്രെയിനിൽ കൊണ്ടുപോകുന്നതും പരിഗണിക്കുന്നുണ്ട്.

പുതിയ പാത

 തലശ്ശേരി - മൈസൂരു 207 കിലോമീറ്റർ

 റൂട്ട് മാനന്തവാടി, കേണിച്ചിറ, പുല്പള്ളി വഴി

 കബനീ നദിക്കടിയിൽ 11.5 കിലോ മീറ്രർ ടണൽ

 ടണൽ നിർമ്മിക്കാൻ 1200 കോടി

 റെയിൽ പാതയ്‌ക്ക് 6,000 കോടി

 ഭൂമിയേറ്റെടുക്കാൻ ചെലവ് പുറമേ

 10 -15 കിലോമീറ്റർ ഇടവിട്ട് സ്റ്റേഷനുകൾ

 തലശേരി - മൈസൂരു ഏകദേശം 5 മണിക്കൂർ

 മൈസുരു - ബംഗളുരു മൂന്ന് മണിക്കൂർ

 കോഴിക്കോട് - തലശേരി - ബംഗളുരു 9 മണിക്കൂർ

 ഇപ്പോൾ തലശേരി - കോഴിക്കോട് - ഷൊ‌ർണൂർ - ബംഗളുരു 15 മണിക്കൂർ

''കൊങ്കൺ റെയിൽ കോർപ്പറേഷനാണ് വിശദമായ പദ്ധതി റിപ്പോർട്ട് ( ഡി.പി.ആർ ) തയ്യാറാക്കിയത്. ലണ്ടനിലെ ബഹുരാഷ്ട്ര കൺസൾട്ടിംഗ് കമ്പനി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ആണ് ട്രാഫിക് സ്റ്റഡി നടത്തിയത്. പാത നിർമാണത്തിന് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കും. റൂട്ട് ലാഭകരമായിരിക്കുമെന്നാണ് ഇവരുടെ റിപ്പോർട്ട്''.

--വി. അജിത് കുമാർ

കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ എം. ഡി