pallickalile-kathirippu-k

കല്ലമ്പലം: അപകടാവസ്ഥയിലായി രണ്ട് വർഷം കഴിഞ്ഞിട്ടും ശാപമോക്ഷമില്ലാതെ അനാഥമായി കിടക്കുകയാണ് പള്ളിക്കൽ ജംഗ്ഷനിലെ ബസ്‌ കാത്തിരിപ്പ് കേന്ദ്രം. പള്ളിക്കൽ ജംഗ്ഷനിൽ നിന്ന്‍ പാരിപ്പള്ളിയിലേക്ക് പോകാനുള്ള ഏക ബസ്‌ കാത്തിരിപ്പ് കേന്ദ്രമായ ഇത് പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അര നൂറ്റാണ്ടിലധികം പഴക്കമുള്ള കാത്തിരിപ്പ് കേന്ദ്രം ചോർന്നൊലിച്ച് ഭിത്തികൾക്ക് വിള്ളൽ വീണു. സിമന്റ് പാളികൾ എപ്പോൾ വേണമെങ്കിലും ഇളകി വീഴാവുന്ന അവസ്ഥയിലാണ്. കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജനപ്രതിനിധികളുടെ ഫണ്ടുകളുപയോഗിച്ച് സമീപ പ്രദേശങ്ങളിൽ നിരവധി കാത്തിരുപ്പു കേന്ദ്രങ്ങൾ നിർമിച്ചിട്ടും അധികൃതർ പള്ളിക്കലിനെ അവഗണിച്ചെന്ന ആക്ഷേപവും ശക്തമാണ്.

പഞ്ചായത്ത് കെട്ടിടത്തിനു തൊട്ടടുത്തു സ്ഥിതിചെയ്യുന്ന കാത്തിരിപ്പു കേന്ദ്രത്തിന്റെ അവസ്ഥ നാട്ടുകാർ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പാരിപ്പള്ളി, കല്ലമ്പലം, ഓയൂർ മേഖലയിലേക്കു പോകേണ്ടവർക്കു ബസ് കാത്തുനിൽക്കാൻ നിർമിച്ചതാണ് കെട്ടിടം. എന്നാൽ കാത്തിരുപ്പ് കേന്ദ്രം അപകടാവസ്ഥയിലായതിനാൽ കൂടുതൽ പേരും സമീപത്തെ കടകളുടെ തിണ്ണകളെയാണ് ആശ്രയിക്കുന്നത്. നൂറുക്കണക്കിന് പേർ ദിനംപ്രതി വിവിധ ആവശ്യങ്ങൾക്കായി വന്നു പോകുന്ന ഇവിടെ കാത്തിരിപ്പു കേന്ദ്രത്തിന്റെ അഭാവം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. മഴയിലും പൊരിവെയിലിലും കയറി നിൽക്കാൻ ഇടമില്ലാതെ യാത്രക്കാർ കഷ്ടപ്പെടുന്നു. വരുന്ന മഴക്കാലത്തിന് മുമ്പെങ്കിലും കാത്തിരിപ്പു കേന്ദ്രം പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.