നമ്മുടെ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അന്തസോടെ ജീവിക്കാനുള്ള ഒരു പൗരന്റെ അവകാശം. ഇൗയിടെ നമ്മുടെ പരമോന്നത കോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഒരു സുപ്രധാനവിധിയിൽ പറയുന്നത് അന്തസോടെ ജീവിക്കുക എന്നതുപോലെ മൗലികാവകാശത്തിൽ ഉൾപ്പെടുന്നതാണ് അന്തസോടെ മരിക്കുക എന്നുള്ളത്. അതായത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരു വ്യക്തിക്ക് അന്തസോടെ ജീവിക്കാനവകാശമുള്ളതുപോലെ അന്തസോടെ മരിക്കാനുള്ള അവകാശവുമുണ്ട്. അന്തസോടെ മരിക്കുക (Right to die with dignity) എന്നുള്ളത് മൗലികാവകാശമായതിന്റെ അടിസ്ഥാനത്തിലാണ് ദയാവധത്തിന് ഇപ്പോൾ സുപ്രീംകോടതി നിയമസാധൂകരണം നൽകിയിരിക്കുന്നത്. 'കോമൺ കോസ്" എന്ന ഒരു രജിസ്റ്റേർഡ് സൊസൈറ്റി സുപ്രീംകോടതിയിൽ നൽകിയ ഒരു റിട്ട് പെറ്റിഷനിലാണ് മേൽവിധി ഭരണഘടനാ ബെഞ്ച് പ്രഖ്യാപിച്ചത്.
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പരിതാപകരവും ദുഃഖകരവുമായ പ്രശ്നങ്ങളിലൊന്നാണ് നിത്യരോഗികളായി ജീവിതത്തിലേക്ക് ഒരു കാരണവശാലും തിരിച്ചുവരാൻ കഴിയാതെ പലവിധത്തിൽ തീരാവേദന അനുഭവിക്കുന്ന ഒരു വിഭാഗം ജനങ്ങൾ. ആരെയും തിരിച്ചറിയാതെ, ലോകത്ത് എന്ത് നടക്കുന്നുവെന്നറിയാതെ, കഠോരമായ വേദന സഹിച്ച്, ജീവൻരക്ഷാ ഉപാധികളുടെ സഹായത്തോടെ കഴിയുന്ന ഹതഭാഗ്യരുടെ അവസ്ഥ വിവരണാതീതമാണ്. വേണ്ടപ്പെട്ടവർക്ക് എത്രയധികം ആത്മാർത്ഥതയും സ്നേഹവും നവീന ചികിത്സാസഹായവും ഇത്തരക്കാർക്ക് നൽകാൻ സന്മസുണ്ടെങ്കിലും ഒരുപരിധി കഴിയുമ്പോൾ മനുഷ്യസഹജമായ മടുപ്പ് അവരിൽ ചിലർക്കെങ്കിലും ഉളവാകുന്നുവെങ്കിൽ അങ്ങനെയുള്ളവരിൽ കുറ്റം ചാർത്തുന്നത് വ്യർത്ഥമാണ്. ചുറ്റുപാടുകളും സാമ്പത്തിക പരാധീനതകളും അവരെ അത്തരം സ്വഭാവ വൈചിത്ര്യത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ഇങ്ങനെയുള്ള ആപത്ഘട്ടത്തിൽ എന്ത് ചെയ്യണമെന്ന് വിവിധ രാജ്യങ്ങളിലെ ചിന്തകരും ഭരണകർത്താക്കളും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും മറ്റും കൂട്ടായി നടത്തിയ ബൃഹത് ചർച്ചയുടെ സമന്വയ ഫലമാണ് ദയാവധം (mercy killing) എന്ന് ഇന്ന് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന യൂത്തെനെയ്സിയ (Euthanasia). ഗ്രീക്ക് വാക്കായ Euthanatos ൽനിന്ന് ഉദ്ഭവിച്ചതാണ് യൂത്തെനെയ്സിയെ. (Eu + thanatos) Eu എന്നാൽ well/good എന്നും thanatos എന്നാൽ death എന്നുമാണ് ഇതിനർത്ഥം. അതായത് നല്ല മരണം എന്ന് ഇതിനെ വിവക്ഷിക്കാം. നമ്മുടെ ഭാഷയിൽ ദയാവധമെന്ന് അറിയപ്പെടുന്നു. ദയാവധം എന്നതിൽ വധം എന്ന ദുഷ്ടതയുള്ള വാക്കുള്ളതിനാലും വധം എന്ന വാക്ക് ക്രിമിനൽ കുറ്റത്തിന്റെ ധ്വനി പൊതുജനങ്ങളിൽ സൃഷ്ടിക്കുന്നതിനാലും ദയാവധം എന്ന വാക്ക് ഉപേക്ഷിച്ച് സുഖാന്ത്യം എന്നോ നൽമരണമെന്നോ പരിഭാഷ വേണമെന്നും ചില സുമനസുകൾ ആവശ്യപ്പെടുന്നുണ്ട്. ഒഴിച്ചുകൂടാൻ നിവൃത്തിയില്ലാത്ത സന്ദർഭങ്ങളിൽ ദയാവധത്തിന് മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾക്ക് വിധേയമായി നിയമസാധൂകരണം നൽകിയിട്ടുണ്ട്. ദയാവധത്തിന് ചില രാജ്യങ്ങളിൽ നിയമനിർമ്മാണം വഴി സാധുത ലഭിക്കുമ്പോൾ, മറ്റു ചില രാജ്യങ്ങളിൽ ഉന്നത കോടതിവിധി പ്രഖ്യാപനങ്ങളിലൂടെ നിയമസാധുത ലഭിക്കുന്നു.
ദയാവധത്തെ രണ്ടുതരത്തിൽ വേർതിരിച്ചിട്ടുണ്ട്. അതായത് ആക്ടീവ് യൂത്തെനെയ്സിയെ എന്നും പാസീവ് യൂത്തെനെയ്സിയെ എന്നും. ഒരു രോഗിയുടെ ജീവൻ അവസാനിപ്പിക്കുന്നതിന് പരസ്യമായ ഒരു പ്രവൃത്തി ചെയ്യുക എന്നതാണ് ആക്ടീവ് യൂത്തെനെയ്സിയെ. ഇത് ചിലപ്പോൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതാണ്. പാസീവ് യൂത്തെനെയ്സിയെ എന്നാൽ ഒരു രോഗിക്ക് ജീവൻ ദീർഘിപ്പിക്കുന്നതിനു വേണ്ടിയുള്ള ചികിത്സാരീതികൾ ചെയ്യാതിരിക്കുക അല്ലെങ്കിൽ അവസാനിപ്പിക്കുക. പലരാജ്യങ്ങളിലും പാസീവ് യൂത്തെനെയ്സിയെ ആണ് അംഗീകരിച്ചിട്ടുള്ളത്. നമ്മടെ സുപ്രീംകോടതിയും പാസീവ് യൂത്തെനെയ്സിയെയാണ് അംഗീകരിച്ചിരിക്കുന്നത്.
കാലാകാലമായിട്ടുള്ള നാട്ടാചാരപ്രകാരം ആരോഗ്യവാനായ ഒരു വ്യക്തിക്ക് തനിക്ക് ഭാവിയിൽ ചികിത്സ വേണ്ടിവന്നാൽ അതിനെപ്പറ്റി സ്വതന്ത്രമായ ഒരു തീരുമാനമെടുക്കാൻ അവകാശം നൽകിയിട്ടുണ്ട്. അങ്ങനെയുള്ള അവകാശങ്ങളിൽ പെടുന്നതാണ് ഏതെങ്കിലും സമ്പ്രദായത്തിലുള്ള ചികിത്സാരീതി ഒരു വ്യക്തി നിരസിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത്. ഒരു വ്യക്തിക്ക് പ്രത്യേക രീതിയിലുള്ള ചികിത്സാസമ്പ്രദായം, അത് ജീവൻ അപകടമാക്കുന്നതാണെങ്കിൽ പോലും തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഒരു വ്യക്തി അന്തസോടെ മരിക്കുക എന്നുള്ളത് നമ്മുടെ സുപ്രീംകോടതി മൗലികാവകാശമാക്കിയതോടെ നിയമവശാൽ യോഗ്യതയോ, അർഹതയോ, അവകാശമോ ഉള്ള വ്യക്തിക്ക് തന്റെ ചികിത്സാസംബന്ധമായ സാധുതയുള്ളതും സംശയാതീതവുമായ മുൻകൂട്ടിയുള്ള ഒരു അറിയിപ്പ് (Advance Medical Directive) ഭാവിയിൽ തനിക്ക് സ്വന്തമായി തീരുമാനമെടുക്കാൻ സാധിക്കാത്ത മാനസികാവസ്ഥയിൽ വേണ്ടിവരുന്ന ചികിത്സയെപ്പറ്റി നൽകാവുന്നതാണ്. അങ്ങനെ മുൻകൂട്ടിയുള്ള അറിയിപ്പിൽ ചികിത്സ നിരസിക്കലും ഉൾപ്പെടുന്നു. അതായത് അഡ്വാൻസ് മെഡിക്കൽ ഡയറക്ടീവ് എന്നാൽ ആരോഗ്യമുള്ള ഒരു വ്യക്തി ഭാവിയിൽ അനാരോഗ്യം നിമിത്തം തനിക്ക് തീരുമാനമെടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ തന്നിൽ നടത്തുന്ന ചികിത്സാസമ്പ്രദായം ഏത് രീതിയിലുള്ളതായിരിക്കണമെന്നുള്ള നിർദ്ദേശമാണ്. ഇത്തരത്തിലുള്ള ചികിത്സാനിർദ്ദേശങ്ങൾ ചില തത്പര കക്ഷികൾ സ്വാർത്ഥതാത്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുള്ളതുകൊണ്ട് വളരെ ശ്രദ്ധാപൂർവമാണ് കൈകാര്യം ചെയ്യേണ്ടത്. ഇൗ വിധത്തിലുള്ള മുന്നറിയിപ്പ് രേഖ എല്ലായ്പ്പോഴും പ്രായപൂർത്തിയായ രണ്ടുപേരുടെ സാക്ഷ്യപ്പെടുത്തലോടെ നോട്ടറൈസ് ചെയ്യപ്പെടേണ്ടതാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ചികിത്സാനിർദ്ദേശങ്ങൾ ജീവൻ നിലനിറുത്തുന്നതിനുള്ള ചികിത്സാസമ്പ്രദായങ്ങളും ഉപകരണങ്ങളും പിൻവലിക്കുന്നതിനോ തടയുന്നതിനോ മാത്രമേ ആകാവൂ. നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമായ യാതൊന്നും അഡ്വാൻസ് മെഡിക്കൽ ഡയറക്ടീവിൽ ഉൾക്കൊള്ളിക്കാൻ പാടില്ല. കൃത്രിമ ജീവൻ രക്ഷാ ഉപകരണങ്ങളോടെ കഴിയുന്ന രോഗിയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ പിൻവലിച്ച് പ്രകൃതിദത്തമായ മരണം കൈവരിക്കാൻ അവസരം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ട് ദയാവധത്തെ ചിലർ ആത്മഹത്യാ സഹായി എന്നും പറയാറുണ്ട്.
പല കാരണങ്ങളാൽ അഡ്വാൻസ് മെഡിക്കൽ ഡയറക്ടീവ് നൽകാതെ ദീർഘകാലമായി രോഗബാധിതരായി, ജീവിതത്തിൽ ഒരിക്കലും തിരിച്ചുവരാൻ സാദ്ധ്യതയില്ലാതെ നിത്യവേദന സഹിച്ച് കൃത്രിമജീവൻരക്ഷാ ഉപാധികളോടെ കഴിയുന്ന രോഗികൾക്ക് അവരുടെ ജീവൻരക്ഷാ ഉപാധികൾ പിൻവലിച്ച് ഒരു നൽമരണത്തിലേക്ക് നയിക്കുന്നതും ദയാവധ പരിധിയിൽ വരുന്നതാണ്. പക്ഷേ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒരു രോഗിയുടെ ജീവൻരക്ഷാ ഉപാധികൾ പിൻവലിക്കേണ്ടത് പ്രത്യേകം നിയോഗിക്കപ്പെട്ട ഒരു വിദഗ്ദ്ധ ചികിത്സാസമിതിയുടെ അഭിപ്രായത്തിന് വിധേയമായും, രോഗിയുടെ തത്പരകക്ഷികളായ ബന്ധുമിത്രാദികൾക്ക് രോഗിയുടെ ജീവൻരക്ഷോപാധികൾ പിൻവലിക്കുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അവർക്ക് ബന്ധപ്പെട്ട കോടതിയെ സമീപിക്കാനുള്ള സമയപരിധികൾക്കും വിധേയമായിട്ടും ആയിരിക്കണം. ദയാവധം ഒരു കാരണവശാലും ദുർവിനിയോഗം ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഇൗ മുൻകരുതലുകളൊക്കെ.
ദയാവധത്തിന് നമ്മുടെ സുപ്രീംകോടതി അംഗീകാരം നൽകിയതോടെ ദീർഘനാളായി തീരാവേദന സഹിച്ച് ജീവിതത്തിലേക്ക് ഒരു കാരണവശാലും തിരിച്ചുവരാൻ സാദ്ധ്യതയില്ലാതെ ജീവൻരക്ഷാ ഉപാധികളുടെ സഹായത്താൽ കഴിയുന്ന ഹതഭാഗ്യരായ രോഗികൾക്ക് അന്തസോടെ പ്രകൃതിദത്തമായ രീതിയിൽ ഇൗ ലോകത്തോട് വിടവാങ്ങാനുള്ള അവസരം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.