അഞ്ച് അപ്പമാണ് കൈയിലുള്ളതെങ്കിലും അതുവച്ച് അയ്യായിരമല്ല, അമ്പതിനായിരം പേരെ ഊട്ടാനുള്ള സിദ്ധി മന്ത്രി തോമസ് ഐസക്കിന്റെ അക്ഷയപാത്രത്തിനുണ്ടെന്ന് തിരിച്ചറിഞ്ഞ മാത്രയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആ അഭ്യർത്ഥന നടത്തിയത്: 'ദാരിദ്ര്യത്താൽ വലയുന്ന ഗ്രാമീണറോഡുകളെ കൂടിയൊന്ന് അനുഗ്രഹിക്കണം.'
റോഡുകളുടെ മൊത്തത്തിലുള്ള ആരോഗ്യസ്ഥിതി നോക്കി പരിഗണിക്കാമെന്ന ഉറപ്പ് ഐസക്കിൽ നിന്ന് ഉയരാതിരുന്നില്ല. ഇതുകേട്ടിട്ടാണോ എന്നറിയില്ല, എം.എൽ.എ ഫണ്ട് കൂട്ടിത്തരണമെന്ന അഭ്യർത്ഥന ഡോ. എൻ. ജയരാജിൽ നിന്നുണ്ടായി. കിട്ടിയാൽ ഊട്ടി, ഇല്ലെങ്കിൽ ചട്ടി എന്ന മട്ടിൽ പലരുടെയും മുഖത്ത് ആകാംക്ഷ തളംകെട്ടി നിന്നെങ്കിലും ഐസക് അത് നിഷ്കരുണം തള്ളിക്കളഞ്ഞു. ഇപ്പോൾ അതൊന്നും പരിഗണിക്കാനാവില്ല, പിന്നീട് നോക്കാമെന്നാണ് മറുപടി. സംഗതി അക്ഷയപാത്രമൊക്കെയാണ്. എന്നുവച്ച് എല്ലാറ്റിനുമൊരു കരുതലൊക്കെ വേണം!
നികുതിവരുമാനത്തിൽ 30 ശതമാനം വർദ്ധനയെന്ന പ്രതീക്ഷ ബഡ്ജറ്റ് പ്രസംഗത്തിൽ പ്രകടിപ്പിച്ച ഐസക് അയഥാർത്ഥ ലോകത്ത് സ്വപ്നങ്ങൾ കെട്ടിപ്പൊക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെയാകെ തോന്നൽ. 'മിസ്റ്റർ ഐസക് ഈസ് ബിൽഡിംഗ് എ കാസിൽ ഒൺ എയർ' എന്ന് ഐസക്കിന്റെ 'ഭാവനാവിലാസം' കണ്ട് പ്രതിപക്ഷ നേതാവ് പരിതപിച്ചു. സ്വപ്നങ്ങൾ പങ്കുവച്ചിട്ടായാലും വികസനം കൊണ്ടുവന്നേ അടങ്ങൂ എന്ന വാശിയിലാണ് പക്ഷേ ഐസക്. ആറായിരം കോടി കിഫ്ബിപ്പണം കൊണ്ട് നാല്പത്തിയൊന്നായിരം കോടിയുടെ വികസനപദ്ധതി വച്ചാൽ 25 വർഷം കൊണ്ട് സമാഹരിക്കേണ്ടത് ഇപ്പോഴേ ഉണ്ടാക്കാമെന്ന് ആ തിയറിയിലുണ്ട്. ചോർന്ന നികുതിയെല്ലാം പിരിച്ചും ഇക്കൊല്ലം പിരിക്കേണ്ടത് പിരിച്ചും പറഞ്ഞ നികുതി മുപ്പത് ശതമാനത്തിലെത്തിക്കാമെന്നത് മറ്റൊരു കണക്ക്. നാടോടിക്കാറ്റ് സിനിമയിലെ ദാസനും വിജയനും സ്വപ്നം കാണുന്നത് പോലെയാകാതിരുന്നാൽ നല്ലത്!
ഐസക്കിന്റെ കിഫ്ബിപ്പണം ചെലവിട്ടതിന്റെ പറ്റുവരവ് ബുക്കുമായാണ് ടി.വി. രാജേഷ് സഭയിലെത്തിയത്. പറ്റുവരവ് ബുക്ക് നോക്കിയപ്പോൾ ഏറ്റവും കൂടുതൽ കിഫ്ബിപ്പണം നേടിയെടുത്തിരിക്കുന്നത് ഏറനാട് എം.എൽ.എ പി.കെ. ബഷീറാണത്രേ. കണ്ണൂർ ജില്ലയിലാണെങ്കിൽ കോൺഗ്രസ് അംഗം കെ.സി. ജോസഫും. പി.കെ. ബഷീർ എഴുന്നേറ്റ് ഇടപെടാനൊരുമ്പെട്ടെങ്കിലും രാജേഷിന്റെ കണക്കിലെ ആധികാരികതയെ ആരും ചോദ്യം ചെയ്യാനൊന്നും മെനക്കെട്ടില്ല. ഇത് എ.കെ.ജി സെന്ററിന്റെ അക്കൗണ്ടിൽ നിന്ന് കൊടുത്തതല്ലല്ലോ, കേരളസർക്കാർ കൊടുത്തതല്ലേ എന്നാണ് രാജേഷിന്റെ കണക്കുപറച്ചിൽ കേട്ട അൻവർ സാദത്തിലുണ്ടായ സംശയം. അഞ്ച് വർഷക്കാലം അഞ്ച് നയാപൈസ തരാത്ത നികൃഷ്ടമായ ബഡ്ജറ്റുകൾ കണ്ട് മനംമടുത്ത രാജു എബ്രഹാം അൻവർ സാദത്തിനെ അംഗീകരിച്ചുകൊടുത്തില്ല. ഈ സർക്കാരിന്റെ ഔദാര്യം തന്നെയാണെന്ന് പറയാൻ ഒരു ലജ്ജയുമില്ലെന്നാണ് അദ്ദേഹത്തിന്റെ തീർപ്പ്.
കണ്ണടച്ച് പിടിച്ചിട്ട് ചുറ്റും ഇരുട്ടാണെന്ന് പറയുന്ന പ്രതിപക്ഷം യാഥാർത്ഥ്യം മനസിലാക്കണമെന്നാണ് ജി.എസ്. ജയലാലിന്റെ അപേക്ഷ.
കെ.എം. മാണിയോട് വിരോധമുള്ളത് കൊണ്ട് അദ്ദേഹം കൊണ്ടുവന്ന കാരുണ്യ ചികിത്സാപദ്ധതിയടക്കം ഐസക് നിറുത്തുന്നുവെന്ന് എൻ.എ. നെല്ലിക്കുന്ന് ഉറപ്പായും വിശ്വസിക്കുന്നു. അത് നിറുത്തുകയല്ല, പുതിയ സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതി കാരുണ്യ എന്ന പേരിൽ തന്നെയാണെന്ന് ഐസക് വെളിപ്പെടുത്തിയിട്ടും നെല്ലിക്കുന്നിലിന്റെ വിശ്വാസത്തെ തിരുത്താനായില്ല. മാണിസാർ നടപ്പാക്കിയതിന്റെ പേരിൽ ആസ്തിവികസന ഫണ്ട് നിറുത്തലാക്കല്ലേ, പകരം ഐസക് സ്കീം എന്ന പേരിട്ട് അത് തുടരൂ എന്ന് അതുകാരണം നെല്ലിക്കുന്ന് അഭ്യർത്ഥിച്ചു. തൃശൂർപൂരത്തിലെ തെക്കേ വരവ് പോലെ ആവേശം ജനിപ്പിച്ച പിണറായി സർക്കാരിന്റെ വരവ് കണ്ടിട്ടുണ്ടായ ആവേശം മുരളി പെരുനെല്ലിയിൽ അതേപടി തുടരുകയാണ്.