തിരുവനന്തപുരം : കരിയം ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ചിറക്കര ശ്രീരാം എന്ന കൊമ്പനാനയെ വെട്ടിപരിക്കേൽപ്പിച്ച രണ്ടാം പാപ്പാനെ അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ മാടൻവിള പുത്തൻ വീട്ടിൽ രഞ്ജിത്തിനെയാണ് നാട്ടാന പരിപാലന നിയമപ്രകാരം സാമൂഹ്യവനവത്കരണ വിഭാഗം വനപാലകർ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിന്നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ നിർദ്ദേശപ്രകാരം ഉത്സവ എഴുന്നള്ളത്തിന് പരിക്കേറ്റ ആനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതായി സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ ജെ.ആർ. അനി അറിയിച്ചു.