വിതുര: പൊൻമുടി - വിതുര റൂട്ടിലെ ആനപ്പാറ ചിറ്റാർ നിവാസികളുടെ പേടിസ്വപ്നമായിരുന്ന തേനീച്ചകളെ നശിപ്പിച്ച ആനപ്പാറ സ്വദേശി രവീന്ദ്രന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹം. മൂന്ന് രാത്രിയോളം നീണ്ട ജോലിക്കിടയിൽ അനവധി തവണ രവീന്ദ്രനെ കടന്നലുകൾ കുത്തി പരിക്കേൽപ്പിച്ചിരുന്നു. ദേഹമാസകലം നീരുവന്ന് വീർത്തെങ്കിലും രവീന്ദ്രൻ തന്റെ ഉദ്യമത്തിൽ നിന്നും പിന്തിരിഞ്ഞില്ല. മൂന്ന് സഹായികൾ ഒപ്പമുണ്ടെങ്കിലും രവീന്ദ്രൻ ഒറ്റയ്ക്കാണ് മരത്തിൽ കയറി തേനീച്ചകളെ നശിപ്പിക്കുന്നത്. എത്ര ഉയരവും, വണ്ണവുമുള്ള മരമാണെങ്കിലും രവീന്ദ്രൻ കയറും. രവീന്ദ്രൻ പല സ്ഥലങ്ങളിലും പോയി, മറ്റുള്ളവർ കയറാൻ മടിക്കുന്ന ഉയരമുള്ള മരങ്ങളിൽ കയറി കടന്നൽക്കൂടുകളെ നശിപ്പിക്കുകയും, മരം മുറിക്കുകയും ചെയ്തിട്ടുണ്ട്. മരം എന്നാൽ രവീന്ദ്രന് ഹരമാണ്. മരത്തിൽ കയറുന്നതിനിടയിൽ അപകടങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും രവീന്ദ്രൻ ഇൗ ജോലി ഉപേക്ഷിക്കാൻ തയ്യാറല്ല. ചിറ്റാറിലെ മുള്ളിലവ് മരത്തിലും ആഞ്ഞിലി മരത്തിലും കയറി തേനീച്ചകളെ നശിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്ന് രവീന്ദ്രൻ പറയുന്നു. രാത്രി 8 മണിയോടെ മരത്തിൽ കയറിയ രവീന്ദ്രൻ തേനീച്ചകളെ നശിപ്പിച്ച് മരശിഖരങ്ങൾ മുറിച്ച ശേഷം പുലർച്ചെ 4 മണിയോടെയാണ് തിരിച്ചിറങ്ങിയത്. മരത്തിൽ കയറിയാൽ പിന്നീട് മണിക്കൂറുകളോളം രവീന്ദ്രനെ കാണാൻ കഴിയില്ല. അതു കൊണ്ട് തന്നെ ഒടിയൻ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച, ഒടിവച്ച് ശത്രുക്കളെ കീഴ്പ്പെടുത്തുന്ന 'ഒടിയൻ മാണിക്യൻ' എന്ന പേരാണ് സഹായിക്കാനെത്തിയ വിതുര ഫയർഫോഴ്സ് യൂണിറ്റിലെ അംഗങ്ങൾ രവീന്ദ്രന് ചാർത്തിയത്. ഫയർഫോഴ്സും, പൊലീസും, നാട്ടുകാരും മൂന്ന് ദിവസവും ഉറക്കമിളച്ച് രവീന്ദ്രനെ സഹായിക്കാനായി മരത്തിന്റെ അടിഭാഗത്ത് ഉണ്ടായിരുന്നു. ചിറ്റാർ സ്വദേശിയായ ഹസൻഖനിയെ തേനീച്ചകൾ ആക്രമിച്ച് കൊന്നതോടെയാണ് മരം മുറിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. 5 വർഷം മുൻപും ഇവിടെ തേനീച്ചക്കൂട്ടം ഇളകി നാട്ടുകാരെ ആക്രമിച്ചിരുന്നു. അന്നും പഞ്ചായത്ത് ഭരണസമിതി രവീന്ദ്രനെ വിളിച്ച് 25000 രൂപ നൽകി തേനീച്ചക്കൂടുകൾ നശിപ്പിച്ചിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടതോടെ വീണ്ടും തേനീച്ചകൾ മരത്തിൽ ചേക്കേറുകയായിരുന്നു. ഇന്നലെ രണ്ട് മരത്തിലെ തേനീച്ച കൂടുകൾ നശിപ്പിക്കുകയും, മരശിഖരങ്ങൾ മുറിക്കുകയും ചെയ്തതോടെ രവീന്ദ്രൻ നാട്ടിലെ ഹീറോ ആയി മാറി. ഇവിടത്തെ തേനീച്ചക്കൂടുകൾ നശിപ്പിച്ചതോടെ ഇൗ ജോലി ഏൽപ്പിക്കുന്നതിനായി നിരവധി പേർ രവീന്ദ്രനെ തേടി എത്തിയിട്ടുണ്ട്.