parashala

പാറശാല: പല അസുഖങ്ങൾക്കായി ചികിത്സതേടി പാറശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒപ്സർവേഷനിൽ എത്തുന്ന രോഗികൾ ശ്വാസം മുട്ടിയാണ് ഇവിടെ കഴിയുന്നത്. ദിനവും രണ്ടായിരത്തിൽ പരം രേഗികൾ ചികിത്സ തേടിയെത്തുന്ന ഇവിടെ സർക്കാർ അനുവദിച്ചിട്ടുള്ളത് 119 കിടക്കകളാണ്. എന്നാൽ ഇവിടെ 219 ഓളം കിടക്കകളുണ്ട്. എന്നാൽ കിടക്കകൾ നിരത്തി ചികിത്സ നല്കാനുള്ള സ്ഥലം ഇവിടെയില്ല. ഗർഭിണികൾ മുതൽ വാർദ്ധക്യ കാല ചികിത്സ തേടിയെത്തുന്നവർ വരെ ഇവിടെയെത്തുന്നുണ്ട്. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ 40ഓളം ഡോക്ടർമാർ ആവശ്യമെന്നിരിക്കെ ആകെയുള്ളത് 26 ഡോക്ടർമാർ മാത്രമാണ്. പല വാർഡുകളിലായി നൂറുകണക്കിന് രോഗികൾക്ക് കിടത്തി ചികിത്സ നൽകുന്ന ഇവിടെ ആകെ 23 നേഴ്സുമാരാണ് ഉള്ളത്. ചികിത്സയിലും ശുചിത്വത്തിലും മികവുകാട്ടിയതിൽ ബഹുമതി നേടിയ പാറശാല താലൂക്ക് ആശുപത്രിയുൽ 19 ക്ലീനിംഗ് സ്റ്റാഫുകളാണ് ഉള്ളത്. ആശുപത്രിയിൽ ആവശ്യത്തിന് സ്റ്റാഫുകൾ ഉണ്ടെന്ന് പറയുമ്പോഴും അവ ഉപയോഗപ്പെടുത്താനുള്ള സ്ഥലപരിമിതിയാണ് തൊഴിലാളികളേയും രോഗികളേയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നത്.

 ആവശ്യത്തിന് ഇടമില്ലാതെ അത്യാഹിതം...

തമിഴ്നാട് കുഴിത്തുറ മുതൽ അമരവിശ വരെയുള്ള കിലോമീറ്ററോളം വരുന്ന ദേശീയപാതയിൽ അപകടങ്ങളിൽ പെടുന്നവരെ എത്തിക്കുന്ന ആശുപത്രിയിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത് ഇടുങ്ങിയ ഒരു മുറിയിലാണ്. ഇവിടെ ആകെയുള്ളത് 5 കിടക്കകളും. ഒരേ സമയം ഇരുപതിൽ കൂടുതൽ രോഗികൾ എത്തിയാൽ ഒരു കിടക്കയിൽ തന്നെ രണ്ടിൽ കൂടുതൽ രോഗികളെ കിടത്തേണ്ട അവസ്ഥയാണ്. കുന്നത്തുകാൽ, പളുകൽ, കളിയിക്കാവിള, ചെങ്കവിള, ഊരമ്പ്, ഉച്ചക്കട, പാറശാല, പരശുവയ്ക്കൽ, ഉദിയൻകുളങ്ങര, ചെങ്കൽ തുടങ്ങിയ നിരവധി ആളുകൾ ഏക ആശ്രയമാണ് ഈ താലൂക്ക് ആശുപത്രി. ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതരോടും ജന പ്രതിനിധികളോടും അവതരിപ്പിച്ചിട്ടും പാറശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയെ അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി