തിരുവനന്തപുരം: ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിന് മൂന്ന് വർഷം കൊണ്ട് നടപ്പാക്കുന്ന 5000 കോടിയുടെ പാക്കേജ് മന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പ്ളാൻ കൂടി പരിഗണിച്ചാണ് പാക്കേജിന് രൂപം നൽകിയത്. സംസ്ഥാന ആവിഷ്കൃത പദ്ധതികൾ, തദ്ദേശ ഭരണ പദ്ധതികൾ, റീബിൽഡ് കേരള ഇനിഷ്യേറ്രീവ്, കിഫ്ബി എന്നീ സ്രോതസുകളിൽ നിന്നുള്ള സ്കീമുകൾ സംയോജിപ്പിച്ചാവും പാക്കേജ് തയ്യാറാക്കുക. 2019-20 ൽ 550 കോടി സംസ്ഥാന പ്ളാനിൽ നിന്നും 100 കോടി കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ നിന്നും 350 കോടി തദ്ദേശഭരണസ്ഥാപനങ്ങളിൽ നിന്നും 250 കോടി കിഫ്ബിയിൽ നിന്നും 250 കോടി റീബിൽഡ് കേരളയിൽ നിന്നുമുൾപ്പെടെ 1500 കോടിയായിരിക്കും പദ്ധതി അടങ്കൽ.

പരിസ്ഥിതി പരിഗണിച്ചും ജനജീവിതത്തെയും കൃഷിയെയും ഏകോപിപ്പിച്ചും കൊണ്ടുമുള്ള സമീപനമായിരിക്കും പാക്കേജിന്റെ പദ്ധതി നടത്തിപ്പിൽ സ്വീകരിക്കുക. കൃഷിഭൂമിയിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കാൻ മണ്ണു പരിശോധന നടത്തി എല്ലാ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡ് നൽകും. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ജൈവവളം, ജീവാണുവളം, കുമ്മായം, ഡോളോമേറ്റ് തുടങ്ങിയവ കാലവർഷമെത്തും മുമ്പ് മുഴുവൻ കർഷകർക്കും ലഭ്യമാക്കും.

പഞ്ചായത്തുകളിൽ കുടുംബശ്രീ, ഹരിത കർമ്മസേന എന്നിവരുടെ പങ്കാളിത്തത്തോടെ ജൈവവള നിർമ്മാണ യൂണിറ്റുകൾ തുടങ്ങും. ബ്ളോക്ക് തലത്തിൽ നിലവിലെ വിള ആരോഗ്യ കേന്ദ്രങ്ങളിൽ ജീവാണുവള നിർമ്മാണം തുടങ്ങും. വളത്തിെന്റെയും കീടനാശിനികളുടെയും ഗുണനിലവാരം ഉറപ്പുവരുത്താനും ഉത്പന്നങ്ങളിലെ വിഷാംശം നിരീക്ഷിക്കാനും ആധുനിക സംവിധാനം ഏർപ്പെടുത്തും. ടൂറിസം ക്ളസ്റ്ററുകളും സർക്യൂട്ടുകളും ആവിഷ്കരിക്കും. മൂന്നാറിലെ ബൊട്ടാണിക്കൽ ഗാർഡന്റെ രണ്ടാം ഘട്ടം, ഇടുക്കി ഡാമിനോടനുബന്ധിച്ച് ടൂറിസം വകുപ്പിന്റെ കൈവശമുള്ള ടൂറിസം കേന്ദ്രം, ഹൈഡൽ ടൂറിസം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.

പെരിയാർ, മുതിരപ്പെരിയാർ തീരങ്ങളിൽ പ്രളയം മൂലവും മറ്റിടങ്ങളിൽ ഉരുൾപൊട്ടൽ മൂലവും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രത്യേക തുക അനുവദിക്കും. അടഞ്ഞു കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ജീവനോപാധികൾ നൽകും. ഇടുക്കി മെഡിക്കൽ കോളേജിന്റെ അടുത്തഘട്ടം പൂർത്തീകരിക്കും. ആദിവാസക്ഷേമത്തിന് പ്രത്യേക പരിഗണന നൽകും.

പാക്കേജിലെ പ്രധാന പദ്ധതികൾ

 തേയിലയുടെയും കുരുമുളക്, ഏലം, തുടങ്ങിയ സുഗന്ധവിളകളുടെയും ചക്ക തുടങ്ങിയ പഴവർഗങ്ങളുടെയും പച്ചക്കറിയുടെയും ഉത്പാദനവും ഉത്പാദനക്ഷമതയും ഉയർത്തുന്നതിനും ഉത്പന്നങ്ങളുടെ മൂല്യവർദ്ധനയും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു വികസനതന്ത്രമാണ് ഉദ്ദേശിക്കുന്നത്.

 തേയില ബ്രാൻഡ് ചെയ്യുന്നതിന് നടപടികൾ

 സ്‌പൈസസ് പാർക്ക് വിപുലീകരണം

 ചക്ക തുടങ്ങിയവയുടെ മൂല്യവർദ്ധിത ഉൽപന്നങ്ങൾക്ക് കേന്ദ്രീകൃത സംവിധാനം

 ക്ഷീരസാഗരം മാതൃകയിൽ കന്നുകാലി വളർത്താൻ സമഗ്ര പദ്ധതി

 ബ്രഹ്മഗിരി മാതൃകയിൽ ഇറച്ചി സംസ്‌കരണ യൂണിറ്റുകൾ

 പഞ്ചായത്തുകൾ തോറും ജൈവവള നിർമാണ യൂണിറ്റ്.
 പഴങ്ങൾ, പച്ചക്കറികൾ എന്നിവക്കായി ശീതീകരണ സംവിധാനത്തോടു കൂടിയ സംഭരണസംസ്‌കരണ ശാലകൾ
 നീർത്തട മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ജലസംരക്ഷണം.
 മത്സ്യകൃഷി,ജലസേചനം, ജലസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് സുരക്ഷിത സ്ഥലങ്ങളിൽ കുളങ്ങൾ.
 കൃഷിയിടങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലെയും വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ പദ്ധതി
 ഒരു ഹെക്ടർ താഴെയുള്ള കർഷകരുടെ കാർഷിക കടങ്ങളുടെ ഒരു വർഷത്തെ പലിശക്ക് ഇളവ്
 പിന്നാക്കാവസ്ഥയിലുള്ള പട്ടികവർഗ കോളനികൾക്ക് അടിസ്ഥാന വികസനത്തിനും നവീകരണത്തിനും 10 കോടി.
 നീർച്ചാലുകൾ, തോടുകൾ, പുഴകൾ എന്നിവയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് 6 കോടി.
 സമഗ്ര മാലിന്യ സംസ്‌കരണത്തിന് 5 കോടി.
 ജില്ലാ ആസ്ഥാന വികസനത്തിന് 50 കോടി.
 പ്രളയത്തിൽ നശിച്ച സർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ തുടങ്ങിയവയുടെ പുനർനിർമാണത്തിന് 100 കോടി.
 പട്ടികവർഗ വിദ്യാർഥികൾക്കായി റസിഡൻഷ്യൽ പോളിടെക്നിക് കോളജിനായി 10 കോടി