chandy

തിരുവനന്തപുരം: വിശ്വാസികളുടെ വികാരം സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ചവിട്ടി മെതിച്ചെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പറഞ്ഞു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ കനത്ത വില നൽകേണ്ടി വരും.
യുവതീപ്രവേശനത്തിൽ ദേവസ്വം ബോർഡ് നടത്തിയ മലക്കം മറിച്ചിൽ എല്ലാവരെയും ഞെട്ടിച്ചു. എന്തിനാണ് അവർ റിവ്യു ഹർജി നൽകിയതെന്ന് വ്യക്തമാക്കണം. ഇടതുസർക്കാരും മുഖ്യമന്ത്രിയും എന്ത് ആഗ്രഹിച്ചുവോ അത് അവർ ശിരസാവഹിച്ചു. ദേവസ്വം ബോർഡ് നടത്തിയ മലക്കം മറിച്ചിലിനെ സുപ്രീംകോടതി തന്നെ ചൂണ്ടിക്കാട്ടി. വിശ്വാസികളോടൊപ്പം നിൽക്കേണ്ട ദേവസ്വം ബോർഡ് സി.പി.എമ്മിന്റെ ചട്ടുകമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വാസികളെ വീട്ടിൽ പോയി കണ്ടുപിടിച്ച് രാത്രിയിൽ തന്നെ സന്നിധാനത്ത് എത്തിക്കണമെന്നൊന്നും കോടതി വിധിയിലില്ല. സുപ്രീംകോടതിയിൽ നിന്ന് ഇനി എന്തു വിധി വന്നാലും നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി, താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള വിധി ലഭിക്കാൻ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തി.
ഇടതുഭരണത്തിൽ വിശ്വാസികൾക്കും വിശ്വാസങ്ങൾക്കും പുല്ലുവിലയാണ് നല്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.