തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് തുടക്കം മുതൽ ഭക്തജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും ഇപ്പോൾ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടും അത് തന്നെയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാരിന്റെ കൈയിലെ പാവ മാത്രമാണ് ദേവസ്വം ബോർഡ്. നിലപാട് പല തവണ അവർ മാറ്റി. യുവതീപ്രവേശനം പാടില്ലെന്നാണ് സുപ്രീംകോടതിയിൽ ആദ്യം ബോർഡ് സ്വീകരിച്ച നിലപാട്. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകുമെന്നാണ് ആദ്യം ബോർഡ് പ്രസിഡന്റ് പറഞ്ഞത്. മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ അത് മാറ്റി. പിന്നീട് കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് പറഞ്ഞു. അതും മാറ്റിയാണ് സാവകാശ ഹർജി കൊടുക്കുമെന്ന് പറഞ്ഞത്. ഇപ്പോഴാകട്ടെ യുവതീ പ്രവേശത്തെ അനുകൂലിച്ചുള്ള നിലപാടും ബോർഡ് സ്വീകരിച്ചു. ഇങ്ങനെ അടിക്കടി നിലപാട് മാറ്റി ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ് ദേവസ്വംബോർഡ് ചെയ്തത്.