draught-

വിതുര: തൊളിക്കോട്, വിതുര, ആര്യനാട് പഞ്ചായത്തുകൾ വീണ്ടും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലമരുന്നു. പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിലാണ് ജലക്ഷാമം വൻതോതിൽ അനുഭവപ്പെടുന്നത്. ഭൂരിഭാഗം കിണറുകളിലും വേണ്ടത്ര ജലമില്ലാത്തതിനാൽ കുടിവെള്ളത്തിനായി പരക്കം പായേണ്ട അവസ്ഥയിലാണ് നാട്ടുകാർ.

തൊളിക്കോട് പഞ്ചായത്തിലെ ഉണ്ടപ്പാറ, പച്ചമല, തേക്കുംമൂട്, പുളിച്ചാമല, പരപ്പാറ, പനയ്ക്കോട്, തോട്ടുമുക്ക് കന്നുകാലി വനം പ്രദേശങ്ങളിൽ ആഴ്‌ച‌കളായി കുടിവെള്ളം കിട്ടാനില്ല. ഇൗ ഭാഗങ്ങളിലെ നീരുറവകളും നീർച്ചാലുകളും വറ്റി വരണ്ടു. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശത്തേക്കും പൈപ്പ് ലൈൻ കടന്നുവന്നിട്ടില്ല. നിലവിലുള്ള ലൈനുകളിൽ നിന്ന് കൃത്യമായി ജലം ലഭിക്കാറില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം അകറ്റുന്നതിനായി ആവിഷ്ക്കരിക്കുന്ന പദ്ധതികളിൽ ഭൂരിഭാഗവും കടലാസിലാണ്. പഞ്ചായത്ത് ബജറ്റിൽ കൂടുതൽ തുക കുടിവെള്ളത്തിനായി അനുവദിക്കാറുണ്ടെങ്കിലും ഫലപ്രദമാകാറില്ല.

തുലാവർഷം ചതിച്ചതുമൂലമാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. പഞ്ചായത്തിൽ ഇക്കുറി തുലാമാസത്തിൽ മഴയുടെ തോത് വളരെ കുറവായിരുന്നു. വിതുര, ആര്യനാട് പഞ്ചായത്തുകളിലെ ഉയർന്ന ഭാഗത്തെ കിണറുകൾ വറ്റിതുടങ്ങി. താഴ്ന്ന പ്രദേശത്തെ കിണറുകളിലും ജലനിരപ്പ് താഴുകയാണ്. ഇൗ സ്ഥിതി ഒരു മാസം കൂടി തുടർന്നാൽ ജലക്ഷാമം ഗുരുതരമാകും.

മാസങ്ങൾക്ക് മുമ്പ് രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടായതിനെ തുടർന്ന് നിരവധി പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു. ഏറ്റവും കൂടുതൽ സമരം നടന്നത് തൊളിക്കോട് പഞ്ചായത്തിലാണ്. രാപ്പകൽസമരം, കുടംകമിഴ്‌ത്തിസമരം, റോഡ് ഉപരോധം എന്നിങ്ങനെയുള്ള സമരമുറകളാണ് നാട്ടുകാർ പ്രയോഗിച്ചത്.
വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്ക്കരിച്ച ശുദ്ധജലപദ്ധതി ഇനിയും പൂർത്തിയായിട്ടില്ല. ഏഴ് വർഷം മുമ്പ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ച പദ്ധതി അധികാരികളുടെ അനാസ്ഥയും അശ്രദ്ധയും നിമിത്തം തടസപ്പെട്ടിരിക്കുകയാണ്. വിതുര പഞ്ചായത്തിൽ പണി പൂർത്തിയായെങ്കിലും തൊളിക്കോട് പഞ്ചായത്തിൽ പണി ഇഴഞ്ഞു നീങ്ങുകയാണ്. അടിയന്തരമായി പദ്ധതി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരപരിപാടികൾ അരങ്ങേറിയിരുന്നു.