തിരുവനന്തപുരം : അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ട അരുവിക്കര സ്വദേശി രാജൻ - സിന്ധു ദമ്പതികളുടെ മകൻ അനന്തുവിന്റെ (21) പാരാലിമ്പിക്‌സ് സ്വപ്നം യാഥാർത്ഥ്യമാകുന്നു. കേരള സാമൂഹ്യസുരക്ഷാ മിഷനിലെ "വി കെയർ" പദ്ധതിയിലൂടെ മന്ത്രി കെ.കെ. ശൈലജ അത്യാധുനിക കൃത്രിമക്കാലുകൾ (പ്രോസസസ്) അനന്തുവിന് നൽകി. കുടപ്പനക്കുന്ന് ജയപ്രകാശ് ലൈനിലെ വീട്ടിലെത്തിയാണ് മന്ത്രി ഉപകരണം കൈമാറിയത്. 4.76 ലക്ഷം രൂപ ചെലവിട്ടാണ് കൃത്രിമക്കാലുകൾ വാങ്ങിയത്.
വി കെയർ പദ്ധതിയിലൂടെ ആദ്യമാണ് പ്രോസസസ് (നഷ്ടപ്പെട്ടുപോയ ശരീരഭാഗത്തിന് പകരം ഉപകരണം) നൽകുന്നത്. രാജൻ - സിന്ധു ദമ്പതികളുടെ മൂത്തമകനായ അനന്തുവിന് 2016ലുണ്ടായ വാഹനാപകടത്തിലാണ് മുട്ടിനുമുകളിൽ വച്ച് കാലുകൾ നഷ്ടമായത്. തുടർന്ന് കൃത്രിമക്കാലിന്റെ സഹായത്തോടെ നടക്കാനാരംഭിച്ചെങ്കിലും ചിരകാല സ്വപ്നമായ സ്‌പോർട്‌സിൽ സജീവമാകാനായില്ല. എന്നാൽ വി കെയറിലൂടെ ലഭിച്ച കൃത്രിമക്കാലുകൾ തന്റെ ജീവിതം മാറ്റിമറിക്കുമെന്നാണ് അനന്തു പറയുന്നത്. സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.