snehaveedu

കിളിമാനൂർ: മരത്തൂണുകളിലും മൺഭിത്തികളിലുമായി തകരഷീറ്റ് മേഞ്ഞ കൂരയ്ക്കുള്ളിൽ, അമ്മയ്ക്കും കൂലിപ്പണിക്കാരനായ സഹോദരനുമൊപ്പം ജീവിതം തള്ളി നീക്കുന്ന ആർച്ചയ്ക്കും അർച്ചനയ്ക്കും കിളിമാനൂർ റോട്ടറി ക്ലബ് സ്നേഹ വീടൊരുക്കുന്നു. ഇതിനായി മലപ്പുറം തിരൂർ ജി.എം ദന്തൽ സ്പെഷ്യാലിറ്റി ആശുപത്രി മാനേജിംഗ് ഡയറക്ടറായ കിളിമാനൂർ സ്വദേശി ഡോ. മുരളീധരൻ പാപ്പാല ഉടയൻകാവിൽ 5 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകി. ഇവിടെ 500 ചതുരശ്ര വിസ്തീർണത്തിൽ ആധുനിക രീതിയിൽ വീട് നിർമ്മിക്കാനാണ് റോട്ടറി ക്ലബ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആർച്ചയുടെയും അർച്ചനയുടെയും പിതാവ് സജീവ് കുമാർ നാല് മാസം മുൻപ് അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ചിരുന്നു. ഇതിനിടയിൽ വീട്ട് മുറ്റത്ത് വീണ് മാതാവ് ഷീജാകുമാരി കാലൊടിഞ്ഞ് കിടപ്പിലായി. പഠനത്തിൽ മിടുക്കനായിരുന്ന സഹോദരൻ അഖിൽ പത്താം ക്ലാസ് പാസായ ശേഷം പഠനം നിറുത്തി കൂലിപ്പണിക്ക് പോയാണ് ഈ കുടുംബം പോറ്റുന്നത്. പിതാവിന്റെ മരണ സമയത്ത് വീട്ടിലെത്തിയ അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങിയ സംഘം ഈ കുടുംബത്തിന്റെ ദുരവസ്ഥ നേരിൽ കണ്ടതിനെ തുടർന്നാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ചാരുപാറയിൽ ഒരു കുന്നിൻ മുകളിൽ 11കെ.വി ലൈനിനു താഴെയാണ് ഇവരുടെ കുടിൽ. ഇല്ലായ്മകൾക്കിടയിലും പഠന നിലവാരത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ആർച്ചയുടെയും അർച്ചനയുടെയും കുടുംബത്തിന്റെ കഥ സോഷ്യൽ മീഡിയയിലും മറ്റും വന്നതോടെയാണ് റോട്ടറി ക്ലബ് ഇവർക്ക് സ്വന്തമായി വീട് നിർമ്മിച്ച് നൽകാൻ രംഗത്തെത്തിയത്. ഡോ. മുരളീധരൻ നൽകിയ സ്ഥലത്ത് നൂറു ദിവസത്തിനകം സ്നേഹവീടൊരുക്കാനാണ് റോട്ടറി ക്ലബ് ലക്ഷ്യമിടുന്നത്. ഇവരുടെ കുടുംബത്തിന്റെ ദുരവസ്ഥ കണ്ടറിഞ്ഞ റോട്ടറി ക്ലബ് രണ്ടാമത്തെ സ്നേഹവീട് ഇവർക്കായി ഒരുക്കുകയാണന്ന് ക്ലബ്ബ് പ്രസിഡന്റ് കെ.ജി. പ്രിൻസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെക്രട്ടറി വി. ഭാസി, പ്രിജി രാജ്, ബാബുരാജ്, അദ്ധ്യാപക പ്രതിനിധികളായ ലെനിൻ, നൗഷാദ്, സന്തോഷ്, രാജേന്ദ്രപ്രസാദ്, വസ്തു സ്പോൺസർ ചെയ്ത ഡോക്ടർ മുരളീധരന്റെ പ്രതിനിധികളായ രാജൻ, വസന്തൻ എന്നിവർ പങ്കെടുത്തു. കിളിമാനൂർ റോട്ടറി ക്ലബിന്റെ സ്നേഹ വീട് പദ്ധതിപ്രകാരമുള്ള രണ്ടാമത്തെ വീടാണ് ആർച്ചയ്ക്കം അർച്ചനക്കും ഒരുങ്ങുന്നത്. ഒരാഴ്ച മുമ്പ് കടമ്പാട്ടുകോണം സ്വദേശി ആശക്കും മക്കൾക്കുമായി റോട്ടറി ക്ലബ് സ്നേഹവീട് നിർമ്മിച്ച് നൽകിയിരുന്നു.