തിരുവനന്തപുരം: കേരളത്തിലെ ഇടതുമുന്നണി സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും വിശ്വാസിസമൂഹത്തെ ഒന്നടങ്കം വഞ്ചിച്ചെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. സുപ്രീംകോടതിയിൽ സർക്കാരും ബോർഡും സ്വീകരിച്ച നിലപാടിലൂടെ ഈ കൊടുംവഞ്ചന പുറത്ത് വന്നിരിക്കുകയാണ്. ശബരിമല പ്രശ്നത്തിന്റെ തുടക്കം മുതൽ ഇടതു സർക്കാർ ക്ഷേത്രങ്ങളും ക്ഷേത്രവിശ്വാസവും തകർക്കുകയെന്ന പരിപാടി നടപ്പാക്കാൻ സുപ്രീംകോടതി വിധി മറയാക്കി ഉപയോഗിക്കുകയാണ്. യുവതീപ്രവേശനത്തിനുള്ള വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന അസന്ദിഗ്ദ്ധമായ നിലപാടാണ് സർക്കാരിന്റെയും ബോർഡിന്റെയും. ക്ഷേത്രവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ദേവസ്വം ബോർഡ് മുൻ നിലപാടിന് വിരുദ്ധമായി ഇപ്പോൾ ആചാരലംഘനത്തിന് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്.

ക്ഷേത്രങ്ങൾ തകർക്കുക എന്ന സി.പി.എമ്മിന്റെ ഗൂഢപദ്ധതി നടപ്പാക്കുന്നതിന് കൂട്ടുനിൽക്കുകയാണ് സർക്കാരിന്റെയും പാർട്ടിയുടെയും കൈയിൽ ചട്ടുകമായി മാറിയ ദേവസ്വം ബോർഡ്. വിശ്വാസികളോടുള്ള വെല്ലുവിളിയാണിത്. മന്ത്രിസഭ വിശ്വാസികളുടേത് കൂടിയാണെന്ന വസ്തുത മറന്നു പോവുകയോ മറച്ചുവയ്ക്കുകയോ ആണ്.

കോടാനുകോടി ഭക്തജനങ്ങളുടെ വികാരവും വേദനയും അവഗണിച്ച് സുപ്രീംകോടതിയിൽ കൈക്കൊണ്ട വിശ്വാസവിരുദ്ധ നിലപാടിന് കേരളജനത പിണറായി സർക്കാരിനോടും സി.പി.എമ്മിനോടും എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്ന് ശ്രീധരൻ പിള്ള പ്രസ്താവിച്ചു.