തെരുവുവിളക്കുകളുടെ സമയക്രമീകരണം വയോജനങ്ങൾക്ക് ബുദ്ധിമുട്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടാനാണ് ഈ കത്തെഴുതുന്നത്. ഇപ്പോൾ വൈകിട്ട് ആറ് മണിക്ക് കത്തിക്കുകയും രാവിലെ ആറിന് അണയ്ക്കുകയും ചെയ്യുന്നു. വൈകിട്ട് 6.30 വരെ നല്ല പകൽവെളിച്ചം ഉണ്ട്. എന്നാൽ രാവിലെ 6.30 വരെ നല്ല ഇരുട്ടാണ്.
ഇപ്പോഴത്തെ സമയം വയോജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രത്യേകിച്ചും രാവിലെ നടക്കാൻ പോകുന്നവർക്ക്. ആറിന് വിളക്കണഞ്ഞാൽ ഇരുട്ടിൽ തപ്പിതടഞ്ഞാണ് വയോജനങ്ങൾ വീട്ടിൽ തിരിച്ചെത്തേണ്ടി വരുന്നത്.
ഡിസംബർ-ജനുവരി മാസങ്ങളിൽ ഉദയാസ്തമയ സമയങ്ങളിൽ വ്യത്യാസവും പകൽ സമയം കുറവും ആയതിനാൽ അതനുസരിച്ച് സമയക്രമീകരണവും ആവശ്യമാണ്. ഇത് ആർക്കും മനസിലാകുന്ന ഒരു യാഥാർത്ഥ്യം ആയിട്ടും എന്തുകൊണ്ട് അങ്ങനെയൊരു ക്രമീകരണം നടത്തുന്നില്ല . ആവശ്യവും സൗകര്യവും കണക്കിലെടുത്ത് വൈകിട്ട് 6.30ന് വിളക്ക് കത്തിക്കുകയും രാവിലെ 6.30ന് അണയ്ക്കുകയും ചെയ്യാനുള്ള നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
എം. രാമചന്ദ്രൻനായർ, പാൽക്കുളങ്ങര,
പേട്ട,തിരുവനന്തപുരം.