നേമം: പാപ്പനംകോടിന് സമീപം ചരിഞ്ഞ ഏഷ്യയിലെ പ്രായം കൂടിയ പിടിയാന ദാക്ഷായണിയെ കരമനയാറിന്റെ തീരത്ത് സംസ്‌കരിച്ചു. ഇന്നലെ വൈകിട്ട് 4ന് നാട്ടുകാരുടെയും ആനപ്രേമികളുടെയും ദേവസ്വം ബോർഡ് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ ആനക്കൊട്ടിലിന് സമീപമാണ് ദാക്ഷായണിയെ സംസ്‌കരിച്ചത്. പ്രായത്തിൽ ഗിന്നസ് റെക്കാഡിൽ ഇടംനേടിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയാണ് ദാക്ഷായണി. രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരായ ജെ.ആർ. അനി, ദിവ്യ എസ്. റോസ്, സെക്‌ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ എൻ. ഗോപിദാസ്, കെ.ജി. രാജേഷ്, എം.എസ്. ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിൽ ദാക്ഷായണിയുടെ അളവെടുത്ത് ശരീരത്തിൽ ഘടിപ്പിച്ചിരുന്ന മൈക്രോചിപ്പ് പരിശോധിച്ചു. ഉച്ചയോടെ വനംവകുപ്പിന്റെ വെറ്ററിനറി സർജൻ ദയ മോഹൻ, ദേവസ്വം വെറ്ററിനറി സർജൻ ഡോ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് ക്രെയിൻ ഉപയോഗിച്ച് കുഴിയിലേക്ക് മാറ്റിയത്.