swami

തിരുവനന്തപുരം:ശിവഗിരി ആസ്ഥാനമായി ശ്രീനാരായണഗുരു സർവകലാശാല ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.

പഠനത്തിന്റെ മഹത്വമാണ് ഗുരുദേവൻ കാട്ടിത്തന്നത്. ഗുരുദർശനം കൂടുതൽ പേരിലേക്ക് എത്തിക്കുകയാണ് ഗുരുദേവന്റെ പേരിലുള്ള സർവകലാശാലയുടെ ലക്ഷ്യമെന്നും,​ പദ്മശ്രീ പുരസ്കാരലബ്ധിക്കു ശേഷം കേരളകൗമുദി സന്ദർശിക്കാനെത്തിയ സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.

ശിവഗിരി ബ്രഹ്മവിദ്യാലയമാണ് കൽപ്പിത സർവകലാശാലയാക്കി മാറ്റുന്നത്. ശിവഗിരി ആസ്ഥാനമായി വിഭാവനം ചെയ്യുന്ന സർവകലാശാലയ്‌ക്കായി 50 ഏക്കർ സ്ഥലം മാറ്റിവയ്ക്കും. ഭാരിച്ച സാമ്പത്തിക ചെലവുള്ള സംരംഭം പൂർത്തിയാക്കാൻ നല്ല കാഴ്ചപ്പാടും ഗുരുഭക്തിയുമുള്ള വ്യക്തികളും സ്ഥാപനങ്ങളും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാലയുടെ വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കുന്നതിനുള്ള നടപടികൾ തുടർന്നുവരികയാണ്. പാഠ്യപദ്ധതിയിൽ ഗുരുദർശനത്തിന് പുറമെ ധ്യാനവും യോഗയുമെല്ലാം ഉൾപ്പെടുത്തുമെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.

കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി,ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി, ഡയറക്ടർ ഷൈലജ രവി എന്നിവർ ചേർന്ന് സ്വാമി വിശുദ്ധാനന്ദയെ സ്വീകരിച്ചു. കേരളകൗമുദിയുടെ ഉപഹാരം ദീപു രവി സമർപ്പിച്ചു. തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.അജിത്ത്കുമാർ സന്നിഹിതനായിരുന്നു.