ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവെയുടെ വാഹന പാർക്കിംഗ് ഏരിയായിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ആറ്റിങ്ങൽ വേളാർക്കുടി പാലസ് സിമെന്റ് ബ്ലോക്ക് കമ്പനിക്ക് സമീപം ശാസ്താംവിള വീട്ടിൽ ചിഞ്ചിലം സതീഷ് എന്ന് വിളിക്കുന്ന സതീഷ് (36) ആണ് എറണാകുളത്ത് പൊലീസ് പിടിയിലായത്. എറണാകുളം ജില്ലയിലെ കുമ്പളങ്ങി എന്ന സ്ഥലത്ത് അക്ഷയ ലോഡ്ജിൽ താമസിച്ചു വരുകയായിരുന്നു. ഒന്നര മാസം മുമ്പ് ചിറയിൻകീഴ് റെയിൽവേ പാർക്കിംഗ് ഏരിയായിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കുകയും എറണാകുളത്ത് കൊണ്ടുപോയി അവിടെ കറങ്ങി നടന്ന് ചരക്ക് വാഹനങ്ങളിൽ സൂക്ഷിക്കുന്ന പണം മോഷ്ടിക്കുന്നതിനിടയിലാണ് പിടിയിലായത്. എറണാകുളം ജില്ലയിൽ തൃപ്പുണിത്തുറ, ചോറ്റാനിക്കര, ഇളമക്കര എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. ബൈക്ക് മോഷണം നടത്തിയതുൾപ്പടെ രണ്ടു കേസുകൾ ചിറയിൻകീഴ് സ്റ്റേഷനിലും വധശ്രമ കേസുകൾ ആറ്റിങ്ങൽ സ്റ്റേഷനിലും വിവിധ കേസുകളിൽ വർക്കല, കല്ലമ്പലം സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. ഇന്നലെ തെളിവെടുപ്പിനായി ഇയാളെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വന്നിരുന്നു.