തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകളിലേക്ക് ഈ മാസം 11ന് ചേരുന്ന ഇടതുമുന്നണി യോഗത്തോടെ ഔദ്യോഗികമായി കടക്കാൻ ഇടത് നേതൃത്വത്തിൽ ധാരണ. ഇന്നലെ രാവിലെ എ.കെ.ജി സെന്ററി സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ എന്നിവർ തമ്മിൽ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് ഈ ധാരണയിലെത്തിയത്. ഏതൊക്കെ ഘടകകക്ഷികൾക്ക് സീറ്റുകൾ അനുവദിക്കണമെന്നതടക്കമുള്ള ആലോചനകളാണ് ഇന്നലെ പ്രധാനമായുമുണ്ടായതെന്ന് സൂചനയുണ്ട്. കൂടുതൽ ഘടകകക്ഷികൾക്ക് പുതുതായി സീറ്റുകൾ നൽകാൻ സാദ്ധ്യതയില്ലെന്നാണറിയുന്നത്.
നാളെയും മറ്റന്നാളുമായി ഡൽഹിയിൽ സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ ചേരുന്നുണ്ട്. ഈ യോഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയം, മത്സരം എന്നിവയടക്കമുള്ള കാര്യങ്ങളിൽ പൊതുമാനദണ്ഡങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ സി.പി.എം പ്രതീക്ഷിക്കുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാകും സീറ്റ് ചർച്ചകളിലേക്ക് എൽ.ഡി.എഫ് കടക്കുക. സ്ഥാനാർത്ഥികളുടെ ടേം മാനദണ്ഡമടക്കമുള്ള കാര്യങ്ങളിൽ ഔദ്യോഗികതീരുമാനം മാർച്ച് ആദ്യം ചേരുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയിലുണ്ടാവും. സി.പി.ഐയിലും ദേശീയ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ മാർച്ച് ആദ്യമാണ്. അതിലാകും അവരുടെയും മാനദണ്ഡങ്ങൾ നിശ്ചയിക്കപ്പെടുക. സ്ഥാനാർത്ഥിനിർണ്ണയത്തിലേക്ക് അതിന് ശേഷമാകും നീങ്ങുക. ഏതാണ്ട് ആ സമയമാകുമ്പോഴേ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുള്ളൂ.
ഈ മാസം 14ന് ഇടതുമുന്നണിയുടെ മേഖലാജാഥകൾ തുടങ്ങുകയാണ്. അതിന് മുമ്പായി 11, 12, 13 തീയ്യതികളിൽ ഉഭയകക്ഷിചർച്ചകൾ പൂർത്തിയാക്കിയേക്കും. 12ന് സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. അതിലും തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ചയായേക്കാം.