തിരുവനന്തപുരം:ആറ്-ഏഴ് വർങ്ങൾക്കുള്ളിൽ ഒരു ലക്ഷം കോടിയോളം രൂപ സംസ്ഥാനത്ത് പൊതു നിക്ഷേപമായി വേണ്ടിവരുമെന്ന് മന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ പറഞ്ഞു.റെയിൽ വികസനത്തിന് 55,000 കോടിയും ജില്ലാ റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ വികസിപ്പിക്കാൻ 50,000 കോടിയും വേണ്ടിവരും.
മൂലധന നിക്ഷേപത്തിലും പശ്ചാത്തല വികസനത്തിലും വൻകുതിപ്പാണ് ബഡ്ജറ്റ് ലക്ഷ്യം.കിഫ്ബിയെക്കുറിച്ച് അനാവശ്യ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പൂർത്തിയാക്കാൻ 25 വർഷങ്ങൾ വേണ്ടിവരുന്ന വികസനമാണ് കിഫ്ബി വഴി നടത്തുന്നത്. താഴെത്തട്ടിലുള്ളവർക്ക് മികച്ച സ്കൂളും ആശുപത്രികളും നൽകാനാണ് മുൻഗണന. സമ്പൂർണ സാമൂഹിക സുരക്ഷയും ലക്ഷ്യമിടുന്നു. കശുവണ്ടി, കയർ, കൈത്തറി മേഖലകളെ സംരക്ഷിക്കും.
നികുതി വരുമാന വർദ്ധന 30 ശതമാനമാവുമെന്നത് സ്വപ്നമല്ല. കഴിഞ്ഞ വർഷം കിട്ടാതെ പോയ നികുതി പിരിക്കും. വ്യാപാരികൾ വാർഷിക റിട്ടേൺ സമർപ്പിക്കുമ്പോൾ ഇൻപുട്ട് ക്രെഡിറ്റ് അധികം ഈടാക്കിയെങ്കിൽ തിരിച്ചുപിടിക്കും. ഇൻപുട്ട് ക്രെഡിറ്റും ഔട്ട്പുട്ട് ടാക്സും തുല്യമായി 20 ശതമാനത്തോളം റിട്ടേണുകളിലുണ്ട്. ഇത് പരിശോധിക്കും. കേരളത്തിൽ പുറത്തു നിന്ന് ചരക്കുകൾ അധികവും വരുന്നതിനാൽ നികുതിലെ ചോർച്ച പിരിച്ചെടുക്കും.അതിർത്തിയിൽ ഇ-വേ ബില്ലുകൾ നിർബ്ബന്ധമാക്കും. സംശയം തോന്നുന്ന വാഹനങ്ങളിലെ ചരക്കുകൾ സ്‌ക്വാഡ് പരിശോധിക്കും.വാഹനത്തിന്റെ നമ്പർ മോണിട്ടർ ചെയ്യുന്ന സമ്പ്രദായവും വരും.