tharoor

തിരുവനന്തപുരം: കേരളം നേരിട്ട പ്രളയത്തിൽ ആയിരക്കണക്കിന് ജനങ്ങളെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ നോബൽ സമ്മാനത്തിന് ശുപാർശ ചെയ്ത് ശശിതരൂർ എം.പി.

രക്ഷാപ്രവർത്തനങ്ങളുടെ വിശദാംശങ്ങളും മത്സ്യത്തൊഴിലാളികളുടെ ജീവിതപശ്ചാത്തലങ്ങളും വിവരിച്ച് അദ്ദേഹം നോബൽ സമ്മാനങ്ങൾ നിർണ്ണയിക്കുന്ന നോർവീജിയൻ നോബൽ സമിതി അദ്ധ്യക്ഷന് കത്തെഴുതി.

2018 ൽ കേരളം നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 500 ഓളം പേരാണ് മരിച്ചത്. കാൽകോടിയിലേറെ ജനങ്ങൾ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു. സ്വന്തം ജീവനും ജീവനോപാധിയായ ബോട്ടുകൾ നശിക്കുമെന്നതും അവഗണിച്ച് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളാണ് കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കിയത്. ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചെന്ന് മാത്രമല്ല, മറ്റ് രക്ഷാപ്രവർത്തനങ്ങൾക്ക് വഴിക്കാണിക്കാനും മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. വെള്ളപ്പൊക്കത്തിൽ മരണാസന്നരായ വൃദ്ധരെ ചുമലിൽ താങ്ങിയെടുത്താണവർ രക്ഷാകേന്ദ്രങ്ങളിലെത്തിച്ചത്. ഒരു പ്രശംസയും ആഗ്രഹിക്കാതെ ഇൗ സേവനങ്ങൾ ചെയ്ത മത്സ്യത്തൊഴിലാളികൾ സാമ്പത്തികമായും സാമൂഹ്യമായും ദയനീയ അവസ്ഥയിൽ കഴിയുന്നവരാണ്. ജീവിതസാഹചര്യങ്ങളെ വിസ്മരിച്ചാണ് അവർ അത്ഭുതകരമായ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്. നോബൽ സമിതിക്കെഴുതിയ കത്തിൽ തരൂർ വിശദമാക്കി.