കല്ലമ്പലം: വാഹനാപകടത്തിൽ രണ്ട് കണ്ണുകളുടെയും കാഴ്ച്ച നഷ്ടപ്പെട്ട ഞാറയിൽക്കോണം പ്ലാന്താനത്തു വീട്ടിൽ റാഫി (30)ക്ക് സാന്ത്വനമേകി വാട്ട്സാപ്പ് കൂട്ടായ്മയും ഡീസന്റ്മുക്ക് നിവാസികളും. റാഫിയുടെ വീട് നിർമ്മാണത്തിനായി ഇവർ സ്വരൂപിച്ച 116001 രൂപ കഴിഞ്ഞ ദിവസം നിഹാസ്, നജീം, ദിൽഷാദ്, നാസിം, സജിം എന്നിവർ ചേർന്ന് റാഫീക്ക് കൈമാറി. 2011 മെയ് 3നാണ് റാഫി ഓടിച്ചിരുന്ന ഓട്ടോ ബൈക്കുമായി കൂട്ടിയിടിച്ച് ഇദ്ദേഹത്തിന്റെ കണ്ണിന് പരിക്ക് പറ്റിയത്. വർഷങ്ങളോളം ചികിത്സ നടത്തിയെങ്കിലും ഫലം കണ്ടില്ല. മൂന്ന് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത് റാഫിയുടെ ഓട്ടോയിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രമായിരുന്നു. താമസിക്കുന്ന വീട് കാലപ്പഴക്കം കൊണ്ട് ഏതു സമയവും തകർന്നു വീഴാവുന്ന അവസ്ഥയിലായതോടെ നാട്ടുകാരുടെ സഹായത്തോടെ വീട് പണി തുടങ്ങി. കൈതാങ്ങായി വാട്ട്സാപ്പ് ഗ്രൂപ്പുകളും ഡീസന്റ്മുക്ക് നിവാസികളും ഒന്നിച്ചതോടെ റാഫിയുടെ വീടെന്ന സ്വപ്‍നം പൂവണിയും.