വെല്ലിംഗ്ടൺ : വെല്ലിംഗ്ടണിൽ ഇന്നലെ നടന്ന ആദ്യ വനിതാ ട്വന്റി-20യിലും കിവീസിനെതിരെ ഇന്ത്യയ്ക്ക് തോൽവി. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കിവീസ് ഉയർത്തിയ 159/4 നെതിരെ ചേസ് ചെയ്ത ഇന്ത്യ 19.1 ഒാവറിൽ 136 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു. 23 റൺസിനാണ് ഇന്ത്യയുടെ തോൽവി.
സോഫീ ഡിവൈൻ (62), ക്യാപ്ടൻ സാറ്റർവൈറ്റ് (33), കേറ്റീ മാർട്ടിൻ (27) എന്നിവരുടെ മികച്ച ബാറ്റിംഗാണ് പെൺകിവികളെ 159/4 ലെത്തിച്ചത്. മറുപടിക്കിറങ്ങിയ ഇന്ത്യ ക്യാപ്ടൻ സ്മൃതി മൻഥാനയുടെയും (58), ജെറമി റോഡ്രഗസിന്റെയും (39) മികവിൽ 11ഒാവറിൽ 100 റൺസിലെത്തിയതാണ്. എന്നാൽ 12-ാം ഒാവറിൽ സ്മൃതിയും അടുത്ത ഒാവറിൽ ജെറമിയും പുറത്തായതോടെ ബാറ്റിംഗിന് ചീട്ടുകൊട്ടാരം പോലെ തകർന്നു. 37 റൺസിനിടെയാണ് ഇന്ത്യയ്ക്ക് ഒൻപത് വിക്കറ്റുകൾ നഷ്ടമായത്.
റെക്കാഡ് സ്മൃതി
ഇന്നലെ 24 പന്തുകളിൽ അർദ്ധ സെഞ്ച്വറി നേടി ഇന്ത്യൻ വനിത ക്യാപ്ടൻ സ്മൃതി മൻഥാന ട്വന്റി-20യിലെ അതിവേഗ അർദ്ധ സെഞ്ച്വറിയിൽ സ്വന്തം റെക്കാഡ് തിരുത്തിയെഴുതി. കഴിഞ്ഞവർഷം ഇംഗ്ളണ്ടിനെതിരെ 25 പന്തുകളിൽ 50 റൺസ് നേടിയിരുന്ന റെക്കാഡാണ് സ്മൃതി തിരുത്തിയത്.