പാറശാല: പാറശാല താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഒരു വർഷം പൂർത്തിയാക്കുമ്പോൾ അഭിമാനിക്കാൻ നേട്ടങ്ങൾ മാത്രം. സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്വാസകരമായി പ്രവർത്തിച്ചുവരുന്ന ഈ ആശുപത്രിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 1728 ഡയാലിസിസുകൾ വിജകരമായി പൂർത്തിയാക്കി. ഡയാലിസിസ് യൂണിറ്റിന്റെ പിറന്നാൾ ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഇവിടെ ആദ്യ ഡയാലിസിസ് നടത്താൻ എത്തിയ ലീല കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, വൈസ് പ്രസിഡന്റ് ആര്യദേവൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ചുസ്മിത, ബ്ലോക്ക് പഞ്ചായത്തംഗം പി.പി. ഷിജു, ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണൻ, ഡയാലിസിസ് യൂണിറ്റിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.