. രണ്ടാം മത്സരത്തിൽ പോണ്ടിച്ചേരിയുമായും ഗോൾ രഹിത സമനില
. സർവീസസിനെ തെലുങ്കാന തോൽപ്പിച്ചത് ആശ്വാസം
. നാളെ ഗ്രൂപ്പിലെ അവസാന മത്സരങ്ങൾ നിർണായകം
നെയ്വേലി : ഗോളടിക്കാൻ വീണ്ടും മറന്ന് പോണ്ടിച്ചേരിയുമായി സമനിയിൽ പിരിഞ്ഞ കേരളത്തിന്റെ സന്തോഷ് ട്രോഫി സ്വപ്നങ്ങൾ ഇന്നലെത്തന്നെ പെട്ടിയിലാകേണ്ടതായിരുന്നു. എന്നാൽ സർവീസസിനെ അട്ടിമറിച്ച തെലുങ്കാന നിലവിലെ ചാമ്പ്യൻമാരുടെ ജീവൻ അവസാന ഗ്രൂപ്പ് മത്സരങ്ങൾവരെ നീട്ടിക്കൊടുത്തു. പക്ഷേ അവസാന ഗ്രൂപ്പ് മത്സരത്തിൽ സർവീസസിനെ നല്ല മാർജിനിൽ തോൽപ്പിച്ചാലും പോരാ, തെലുങ്കാനയും പോണ്ടിച്ചേരിയും തമ്മിലുള്ള മത്സരത്തിന്റെ ഫലംകൂടി അനുകൂലമാകണം. പോണ്ടിച്ചേരി തെലുങ്കാനയെ സമനിലയിലെങ്കിലും പിടിച്ചാലേ കേരളത്തിന് സൗത്ത് സോൺ കടന്ന് ഫൈനൽ റൗണ്ടിലെത്താനാവൂ.
ആദ്യകളിയിൽ തെലുങ്കാനയ്ക്കെതിരെ പത്തോളം അവസരങ്ങൾ പാഴാക്കിയതിന്റെ തനിയാവർത്തനമായിരുന്നു ഇന്നലെയും. ആദ്യപകുതിയിൽത്തന്നെ നാല് നല്ല ചാൻസുകൾ മിസാക്കി. ഇതിൽ പലതും ഗോളിമാത്രം മുന്നിൽ നിൽക്കവേ കിട്ടിയത്. രണ്ടാം പകുതിയിലാകട്ടെ അവസരങ്ങൾ സൃഷ്ടിക്കാനും സമ്മർദ്ദത്തിന് അടിപെട്ട കേരളത്തിന് കഴിഞ്ഞില്ല. പകരക്കാരനായിറങ്ങിയ ഫ്രാൻസിസിന് ലഭിച്ച ഒരു സുവർണാവസരം നഷ്ടമാകുകയും ചെയ്തു.
തെലുങ്കാനയ്ക്കെതിരായ മത്സരത്തിൽ നിരാശപ്പെടുത്തിയ ടീമിൽ മൂന്ന് മാറ്റങ്ങളാണ് കോച്ച് വി.പി. ഷാജി ഇന്നലെ വരുത്തിയത്. മുഹമ്മദ് ഷെരീഫ്, ജിപ്സൺ, ഇനായത്ത് എന്നിവർക്ക് പകരം സജിത്ത് പൗലോസ്, അനുരാഗ്, സഫ്വാൻ എന്നിവർ ടീമിലെത്തി. എന്നാൽ കളിക്കളത്തിലെ സമീപനത്തിൽ ടീം ഒരു മാറ്റവും വരുത്തിയില്ല. മദ്ധ്യനിരയിൽനിന്ന് അവസരങ്ങൾ സൃഷ്ടിച്ച് എതിർ പോസ്റ്റിലെത്തുമ്പോൾ ഗോളടിക്കാൻ മറന്നുപോകും. പ്രതിരോധത്തിലും മിഡ് ഫീൽഡിലും സുന്ദരൻ കളി പുറത്തെടുക്കുന്ന ടീമിന് ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫലമില്ലെന്ന് കോച്ച് പരിതപിക്കുന്നു.
രാവിലെ ഒൻപതിനായിരുന്നു കേരളവും പോണ്ടിച്ചേരിയും തമ്മിലുള്ള മത്സരം. സമനില വഴങ്ങി തകർന്നിരുന്ന കേരളത്തിന് ആശ്വാസം പകർന്നത് തെലുങ്കാനയും സർവീസസും തമ്മിൽ ഉച്ചയ്ക്ക് നടന്ന മത്സരമാണ്. സർവീസസ് ജയിച്ചിരുന്നെങ്കിൽ ഇന്നലെത്തന്നെ കേരളം പുറത്താവുമായിരുന്നു. പക്ഷേ 2-1ന് തെലുങ്കാന സർവീസസിനെ കീഴടക്കി. ഏഴാംമിനിട്ടിൽ വരുൺ കുമാറിലൂടെ തെലുങ്കാന ലീഡ് നേടിയതോടെ കേരളത്തിന് ശ്വാസം വീണു. 45-ാം മിനിട്ടിൽ ഷഫീഖ് മുഹമ്മദ് രണ്ടാം ഗോളും നേടി. 89-ാം മിനിട്ടിൽ ഹരികൃഷ്ണയിലൂടെ സർവീസസ് ഒരു ഗോൾ തിരിച്ചടിച്ചതും ഒരു തരത്തിൽ കേരളത്തിന് ആശ്വാസമായി. തെലുങ്കാനയുടെ ഗോൾ മാർജിൻ ഒന്നായി കുറഞ്ഞു.
കയ്യാലപ്പുറത്തെ കേരളം
. നാളെ സർവീസസുമായി അവസാന അങ്കത്തിനിറങ്ങുമ്പോൾ പ്രാർത്ഥനകളും കണക്കുകൂട്ടലുകളുമാണ് കേരളത്തിനുള്ളത്.
. പോണ്ടിച്ചേരി ചെറിയ മാർജിനിൽ തെലുങ്കാനയെ തോൽപ്പിക്കുകയോ സമനിലയിലാക്കുകയോ ചെയ്താൽ മാത്രമേ കേരളത്തിന് രക്ഷയുള്ളൂ.
. സവീസസിനെ രണ്ട് ഗോളിന്റെയെങ്കിലും വ്യത്യാസത്തിൽ തോൽപ്പിക്കുകയും വേണം.
പോയിന്റ് നില
(ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ് ക്രമത്തിൽ)
തെലുങ്കാന 2-1-1-0-4
സർവീസസ് 2-1-0-1-3
കേരളം 2-0-2-0-2
പോണ്ടിച്ചേരി 2-0-1-1-1
ഒരു ഗ്രൂപ്പിൽ നിന്ന് ഒരു ടീമിന് മാത്രം യോഗ്യത.