തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കള്ളക്കളിയാണ് മന്ത്രിതോമസ് ഐസകിന്റെ ഇടുക്കി പാക്കേജെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മൂന്ന് വർഷം കൊണ്ട് 5,​000 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്നാണ് മന്ത്രി പറയുന്നത്. എവിടുന്നാണ് ഈ പണം മന്ത്രി കണ്ടെത്തുന്നതെന്ന് വ്യക്തമാക്കണം. കഴിഞ്ഞ വർഷം രണ്ടായിരം കോടിയുടെ തീരദേശ പാക്കേജ് പ്രഖ്യാപിച്ചിട്ട് ഒന്നും ചെയ്യാതെ തീരദേശത്തെ ജനങ്ങളെ പറ്റിച്ചത് പോലെ ഇപ്പോൾ മലയോരമേഖലയിലെ ജനങ്ങളെ പറ്റിക്കാനാണ് ശ്രമം. ഇത് മലയോരമേഖലയിലെ ജനങ്ങൾ തിരിച്ചറിയും. പാക്കേജ് നടപ്പാക്കാൻ സർക്കാരിന്റെ കൈയിൽ പണമില്ലെന്ന് ധനകാര്യമന്ത്രിക്ക് ബോദ്ധ്യമുള്ളതിനാലാണ് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ നടപ്പാക്കുമെന്ന് പറയുന്നത്. ഗ്രാമ,​ ബ്ളോക്ക്,​ ജില്ലാ പഞ്ചായത്തുകളുടെ ഫണ്ട് അവരുടെ വികസനപ്രവർത്തനങ്ങൾക്കുള്ളതാണ്. അത് ബന്ധപ്പെട്ട പഞ്ചായത്തുകൾ കാര്യക്ഷമമായി നടത്തിക്കോളും. അതിൽ സർക്കാർ ഇടപെടേണ്ടെന്നും ചെന്നിത്തല പറഞ്ഞു.