india-newzealand-t-20
INDIA NEWZEALAND T-20

വെല്ലിംഗ്ടൺ : ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്റി-20യിൽ ഇൗ ഫോർമാറ്റിലെതന്നെ റൺ മാർജിനിലെ ഏറ്റവും വലിയ തോൽവിഏറ്റുവാങ്ങി ഇന്ത്യ. ഇന്നലെ വെല്ലിംഗ്ടണിൽ നടന്ന മത്സരത്തിൽ 80 റൺസിനാണ് കിവികൾ ഇന്ത്യയെ തറ പറ്റിച്ചത്. ഏക ദിനപരമ്പര നഷ്ടമായ ആതിഥേയർ ഇതോടെ മൂന്ന് ട്വന്റി-20 കളുടെ പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്തുകയും ചെയ്തു.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത 20 ഒാവറിൽ 219/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ 19.2 ഒാവറിൽ 139 റൺസിന് ആൾ ഒൗട്ടായാണ് കിവികളുടെ മണ്ണിൽ ഒരു ട്വന്റി-20 പോലും ജയിച്ചിട്ടില്ലെന്ന റെക്കാഡിന് പോറലേൽക്കാതെ സൂക്ഷിച്ചത്.

ഒാപ്പണറായി ഇറങ്ങി 43 പന്തുകളിൽ ഏഴ് ഫോറും ആറ് സിക്സുമടക്കം 84 റൺസടിച്ചുകൂട്ടിയ വിക്കറ്റ് കീപ്പർ ബാസ്റ്റ്മാൻ ടിം സീഫർട്ടാണ് ആതിഥേയ വിജയത്തിന്റെ മുഖ്യശില്പി. മൺറോ (34), കേൻവില്യംസൺ (34), ടെയ്‌ലർ (23), യുഗ്ളെയ്‌ൻ (20 നോട്ടൗട്ട്) എന്നിവരുടെ പിന്തുണയും കിവീസിന് കൂറ്റൻ സ്കോർ ഉയർത്താൻ സഹായകമായി.

ഇന്ത്യൻ ബൗളർമാരെല്ലാം ഇന്നലെ കണക്കിന് തല്ലുവാങ്ങി. ഹാർദിക് നാലോവറിൽ 51 റൺസും ഭുവനേശ്വർ 47 റൺസും ഖലീൽ 48 റൺസും ക്രുനാൽ 37 റൺസും ചഹൽ 35 റൺസും വിട്ടുകൊടുത്തു. ഹാർദികിന് രണ്ടുവിക്കറ്റ് ലഭിച്ചപ്പോൾ മറ്റുള്ളവർക്ക് ഒാരോ വിക്കറ്റ് നേടാനായി.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ രോഹിതിനെ (1) മൂന്നാം ഒാവറിൽ നഷ്ടമായി. തുടർന്ന് ധവാനും (18 പന്തിൽ 29), വിജയ് ശങ്കറും (18 പന്തിൽ 27) സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 51 ൽ വച്ച് ധവാനെ ഫെർഗുസൺ ബൗൾഡാക്കിയത് വഴിത്തിരിവായി. തുടർന്ന് 17 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ അഞ്ചുപേരെ കൂടി നഷ്ടമായതോടെ തോൽവി ഉറപ്പായി. ഋഷഭ് പന്ത് (4), ദിനേഷ് കാർത്തിക് (5), വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ (4) എന്നിവർകൂടി പുറത്തായപ്പോൾ 5.3 ഒാവറിൽ 51/2 എന്ന നിലയിൽനിന്ന് ഇന്ത്യ 11 ഒാവറിൽ 77/6 എന്ന സ്ഥിതിയിലേക്ക് കൂപ്പുകുത്തി. തുടർന്ന് ധോണിയും (39), ക്രുനാൽ പാണ്ഡ്യയും (20) പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.

കിവീസിന് വേണ്ടി ടിം സൗത്തീ നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി. മൂന്ന് വിക്കറ്റ് വീഴ്ത്തി. ഫെർഗൂസൺ, സാന്റ്നർ, സോധി എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. മിച്ചലിന് ഒരു വിക്കറ്റ് ലഭിച്ചു. സീഫർട്ടാണ് മാൻ ഒഫ് ദ മാച്ച്.

രണ്ടാം ട്വന്റി-20 നാളെ ഒാക്‌ലൻഡിൽ നടക്കും.

80

ട്വന്റി-20 യിൽ റൺ മാർജിനിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി. 2010 ലോകകപ്പിൽ ആസ്ട്രേലിയയ്ക്കെതിരെ 49 റൺസിന് തോറ്റതായിരുന്നു ഇതിന് മുമ്പുള്ള വലിയ മാർജിൻ.

219

ട്വന്റി-20യിലെ ന്യൂസിലൻഡിന്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ. ഇന്ത്യ ട്വന്റി-20 യിൽ വഴങ്ങുന്ന രണ്ടാമത്തെ ഉയർന്ന ടോട്ടൽ.

51

റൺസാണ് നാലോവറിൽ ഹാർദിക് വഴങ്ങിയത്. അന്താരാഷ്ട്ര ട്വന്റി-20യിൽ ഹാർദികിന്റെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം.

95

റൺസാണ് ഒാപ്പണിംഗ് ബൗളർമാരായ ഖലീൽ അഹമ്മദും (48), ഭുവനേശ്വർ കുമാറും (47) ചേർന്ന് വഴങ്ങിയത്.

2-7

കിവീസിനെതിരായ ഇന്ത്യയുടെ ഏഴാം ട്വന്റി-20 തോൽവി. കിവീസിൽവച്ച് ഇതുവരെ അവരെ ട്വന്റി-20യിൽ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല.

പാണ്ഡ്യ ബ്രദേഴ്സ് ഒന്നിച്ച്

സഹോദരങ്ങളായ ഹാർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും ഇന്നലെ ആദ്യമായി ഒരുമിച്ച് ഇന്ത്യൻ കുപ്പായത്തിലിറങ്ങി. ഇന്ത്യയ്ക്കുവേണ്ടി ഒരുമിച്ച് കളിക്കുന്ന മൂന്നാമത്തെ സഹോദര ജോടികളാണിവർ. മൊഹീന്ദർ അയ്യർനാഥ്-സുരീന്ദർ അമർനാഥ്, യൂസഫ് പഠാൻ-ഇർഫാൻ പഠാൻ എന്നിവരാണ് ഇതിന് മുമ്പ് ഒരുമിച്ച് കളിച്ച സഹോദരങ്ങൾ.

സ്കോർ ബോർഡ്

ന്യൂസിലാൻഡ് ബാറ്റിംഗ്: സീഫെർട്ട് ബി ഖലീൽ 84, മൺറോ സി വിജയ് ശങ്കർ ബി ക്രുനാൽ 34, വില്യംസൺ സി ഹാർദിക് ബി ചഹൽ 34, മിച്ചൽ സി. കാർത്തിക് ബി ഹാർദിക് 8, ടെയ്‌ലർ സി ഖലീൽ ബി ഭുവനേശ്വർ 23, ഗ്രാൻഡ് ഹോം, സി സിറാജ് (സബ്) ബി ഹാർദിക് 3, സാന്റ്നർ നോട്ടൗട്ട് 7,കുഗ്ളെയ്ൻ നോട്ടൗട്ട് 20, എക്സ്ട്രാസ് 6, ആകെ 20 ഒാവറിൽ 219/6.

വിക്കറ്റ് വീഴ്ച : 1-86 (മൺറോ), 2-134 (സീഫർട്ട് ) 3-164 (മിച്ചൽ), 4-164 (വില്യംസൺ) 5-189, (ഗ്രാൻഡ് ഹോം), 6-191 (ടെയ്ലർ)

ബൗളിംഗ് : ഭുവനേശ്വർ 4--0-47-1, ഖലീൽ 4-0-48-1, ക്രുനാൽ 4-0-37-1, ഹാർദ്രക് 4-0-51-2, ചഹൽ 4\-0-35-1.

ഇന്ത്യ ബാറ്റിംഗ് : രോഹിത് സി ഫെർഗൂസൺ ബി സൗത്തി, 1, ധവാൻ ബി ഫെർഗൂസൺ 29, വിജയ് സി ഗ്രാൻഡ് ഹോം ബി സാന്റ്നർ 27, പന്ത് ബി സാന്റ്നർ 4, ധോണി സി ഫെർഗൂസൺ ബി സൗത്തീ 39, കാർത്തിക് ബി സൗത്തി ബി സോധി 5, ഹാർദിക് സി മിച്ചൽ ബി സോധി 4, ക്രുനാൽ സി സീഫർട്ട് ബി സൗത്തി 20, ഭുവനേശ്വർ സി ഡീഫർട്ട് ബി ഫെർഗൂസൺ 1, ചഹൽ ബി മിച്ചൽ 1, ഖലീൽ നോട്ടൗട്ട് 1. എക്സ്ട്രാസ് 7, ആകെ 19.,2 ഒാവറിൽ. 139 ആൾ ഒൗട്ട്.

വിക്കറ്റ് വീഴ്ച : 1-18 (രോഹിത് ), 2-51

(ധവാൻ, 3-64 (പന്ത്), 4-65 (വിജയ്)

5-72 (കാർത്തിക്), 6-77 (ഹാർദിക്), 7-129 (ക്രുനാൽ) 8-132 (ഭുവനേശ്വർ), 9-136 (ധോണി), 10-139 (ചഹൽ).

ബൗളിംഗ് : സൗത്തി 4-0-17-3, കുഗ്ളെയ്ൻ 2-0-34-0, ഫെർഗൂസൺ 4-0-22-2, സാന്റനർ 4-0-24-2, മിച്ചൽ 2-2-0-13-1, സോധി 3-0-26-2.

മാൻ ഒഫ് ദ മാച്ച് : സീഫർട്ട്

ട്വന്റി 20 യിൽ 220 റൺസ് ചേസ് ചെയ്യണമെങ്കിൽ എട്ട് സ്പെഷ്യലിസ്റ്റ് ബാറ്റ്സ് മാൻമാരെങ്കിലും വേണമായിരുന്നു. എല്ലാമേഖലയിലും ന്യൂസിലൻഡ് ഞങ്ങളെ കീഴടക്കിക്കളഞ്ഞു. നല്ല കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ പോലും കഴിഞ്ഞില്ല.

രോഹിത് ശർമ്മ

ഇന്ത്യൻ ക്യാപ്ടൻ