തിരുവനന്തപുരം: ബന്ധുക്കളാൽ കബളിപ്പിക്കപ്പെട്ട് ഒന്നര ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട വൃദ്ധയ്‌ക്ക് നീതി ലഭ്യമാക്കി വനിതാകമ്മിഷൻ. മൂന്നു ഗഡുക്കളായി പലിശസഹിതം വൃദ്ധയ്ക്ക് പണം തിരിച്ചു നൽകാൻ വനിതാ കമ്മിഷൻ ബന്ധുക്കൾക്ക് നിർദ്ദേശം നൽകി കരാർ ഒപ്പുവയ്പിച്ചു. മെഗാ അദാലത്തിൽ വനിതാകമ്മിഷൻ അംഗം ഷാഹിദാ കമാലാണ് പ്രശ്‌നത്തിലിടപെട്ടത്. അവിവാഹിതയായ വൃദ്ധ വീടുകളിൽ ജോലി ചെയ്‌തും മറ്റും സമ്പാദിച്ച ഒന്നര ലക്ഷത്തിലധികം രൂപ കഴക്കൂട്ടം സഹകരണബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇതറിഞ്ഞ ബന്ധുക്കൾ വാടക വീടിനു പകരം വീട് ഒറ്റിയ്ക്ക് എടുക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി പണം മുഴുവൻ വാങ്ങിയതായി വൃദ്ധയുടെ പരാതിയിൽ പറയുന്നു. പണം വാങ്ങിയത് ആദ്യം നിഷേധിച്ച ബന്ധുക്കൾ പിന്നീട് വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച് മൂന്നു തവണയായി തിരിച്ചു നൽകാമെന്ന കരാർ ഒപ്പ് വച്ചതായും ഷാഹിദാ കമാൽ അറിയിച്ചു. വനിതാ മതിലിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി മോശം പ്രചാരണം നടത്തിയ സംഭവത്തിൽ പൊലീസ് നടപടികൾ സംബന്ധിച്ച് റിപ്പോർട്ടും കമ്മിഷൻ ആവശ്യപ്പെട്ടു. കമ്മിഷൻ അംഗം എം.എസ്. താരയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി ഫൈൻ ആർട്സ് കോളേജിലെ അദ്ധ്യാപികയെ വിദ്യാർത്ഥി ആക്ഷേപിച്ച സംഭവം സംബന്ധിച്ച് കമ്മിഷൻ വിശദമായി അന്വേഷിക്കുമെന്ന് കമ്മിഷൻ അംഗം ഇ.എം. രാധ അറിയിച്ചു. സംഭവത്തിൽ കോളേജ് പ്രിൻസിപ്പലും പരാതിക്കാരിയും ഹാജരായി. എന്നാൽ എതിർകക്ഷിയായ വിദ്യാർത്ഥി ഹാജരായില്ല. അദാലത്തിൽ 160 കേസുകൾ പരിഗണിച്ചു. 31 കേസുകൾ തീർപ്പാക്കി. രണ്ടെണ്ണത്തിൽ കൗൺസലിംഗ് നടത്തും. അഞ്ചെണ്ണത്തിൽ റിപ്പോർട്ട് തേടി. 122 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. അദാലത്തിൽ ഡയറക്ടർ വി.യു. കുര്യാക്കോസ്, സർക്കിൾ ഇൻസ്‌പെക്ടർ എം. സുരേഷ് കുമാർ, സബ് ഇൻസ്‌പെക്ടർ എൽ. രമ തുടങ്ങിയവരും പങ്കെടുത്തു.