നെയ്യാറ്റിൻകര: പത്താംകല്ലിന് സമീപം മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിയാത്രക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌ത രണ്ടുപേരെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രി ദേശീയപാത പത്താംകല്ല് ജംഗ്ഷന് സമീപമാണ് സംഭവം. പരിക്കേറ്റ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷിനെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളായ പത്താംകല്ല് സ്വദേശികളായ മഹേഷ് (28), വിഷ്ണു (29) എന്നിവരെ നെയ്യാറ്റിൻകര എസ്.ഐയും സംഘവും ചേർന്ന് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. മദ്യപിച്ചെത്തിയ ഇവർ വഴിയാത്രക്കാരെ തടഞ്ഞുനിറുത്തി അസഭ്യം വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസുകാർക്ക് നേരെയായി പിന്നീട് ഇവരുടെ ആക്രമണം. പൊലീസ് ജീപ്പിനെ മറിച്ചിടാൻ ശ്രമിച്ച ശേഷം രണ്ടുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. മദ്യവും കഞ്ചാവും ഉപയോഗിച്ചവരാണ് അക്രമം നടത്തിയതെന്ന് പൊലീസുകാർ പറയുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.