sajeev

തിരുവനന്തപുരം: വൃദ്ധരായ സ്ത്രീകളെ ആക്രമിച്ച് സ്വർണമാല പിടിച്ചുപറിക്കുന്ന മോഷ്ടാവിനെ മണിക്കൂറുകൾക്കകം സിറ്റി പൊലീസ് പിടികൂടി. പൂജപ്പുര ചിത്രാ നഗറിൽ ലക്ഷ്‌മി വിലാസത്തിൽ സജീവിനെയാണ് (28) പൂജപ്പുര പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

നഗരത്തിൽ ബൈക്കിൽ കറങ്ങി നടന്ന് ഒറ്റയ്‌ക്ക് നിൽക്കുന്ന വൃദ്ധരായ സ്ത്രീകളുടെ അടുത്തുചെന്ന് മേൽവിലാസം തിരക്കാനെന്ന വ്യാജേന സംസാരിച്ച ശേഷം സ്വർണമാല മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. ആളറിയാതിരിക്കാൻ ഹെൽമെറ്റും ഫുൾ കൈ ഷർട്ടും ധരിച്ചാണ് ഇയാൾ സ്ത്രീകളെ ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം തിരുമല ശ്രീകൃഷ്ണ ആശുപത്രിക്ക് മുൻവശത്തുള്ള കൈരളി ഗാർഡൻ റോഡിൽവച്ച് അമ്പലത്തിൽ പോയി വന്ന കൈരളി നഗർ സ്വദേശിനിയായ പാർവതിയെ കണ്ട് മേൽവിലാസം ചോദിക്കാനെന്ന വ്യാജേന സംസാരിച്ചശേഷം ആക്രമിച്ച് കഴുത്തിൽ കിടന്ന ഒന്നര പവൻ സ്വർണമാല പൊട്ടിച്ച് ബൈക്കിൽ കടന്നു കളയുകയായിരുന്നു. മിനിട്ടുകൾക്കകം സിറ്റി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് വയർലെസിലൂടെ മാല മോഷ്ടാവിനെയും വാഹനത്തെയും കുറിച്ചുള്ള സൂചനകൾ പൊലീസ് കൺട്രോൾ റൂം ട്രാഫിക് പൊലീസ് ഉൾപ്പെടെ സിറ്റിയിലെ എല്ലാ പൊലീസ് വിഭാഗങ്ങൾക്കും അടിയന്തര സന്ദേശം നൽകി. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരം നടത്തിയ ശക്തമായ പരിശോധനയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ ബിജുകുമാർ നൽകിയ നിർണായക വിവരത്തെ തുടർന്ന് ഇയാൾ വലയിലാകുകയായിരുന്നു.

തുടർന്ന് അടുത്തിടെ നടന്ന ചില മാലമോഷണക്കേസുകളിലെ പ്രതി ഇയാളെന്ന് തെളിഞ്ഞു. മാലകൾ അപ്പോൾ തന്നെ സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വച്ച് കിട്ടുന്ന പണം പലർക്കും പലിശയ്ക്ക് കൊടുക്കുകയും കുറച്ച് തുക ആഡംബരങ്ങൾക്കായി വിനിയോഗിക്കുകയുമാണ് ഇയാളുടെ രീതി. സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ, കൺന്റോൺമെന്റ് എ.സി ദിനരാജ്, പൂജപ്പുര എസ്.ഐ ഗിരിലാൽ, ഷാഡോ എസ്.ഐ സുനിൽലാൽ, ഷാഡോ എ.എസ്.ഐമാരായ അരുൺ, ലഞ്ചുലാൽ, സിറ്റി ട്രാഫിക് പൊലീസിലെ ബിജുകുമാർ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.