photo

നെടുമങ്ങാട്: അടഞ്ഞുകിടന്ന വീട്ടിൽ രാത്രി അതിക്രമിച്ചു കയറിയ സംഘം ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് കത്തിച്ചതായി പരാതി. പനവൂർ മൂഴിയിൽ ഷിയാസിന്റെ സുൽത്താൻ വീട്ടിൽ ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. വീടിന് നേരെ പെട്രോൾ ബോംബെറിയുകയും മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്ന് അടുക്കളയിലിരുന്ന സിലിണ്ടറുകൾ കത്തിക്കുകയുമായിരുന്നുവെന്ന് വീട്ടുടമ പറഞ്ഞു. ഉപകരണങ്ങളും മൂന്ന് ലക്ഷത്തോളം രൂപയുടെ സ്വർണവും ഒരു ലക്ഷം രൂപയും നശിച്ചു. തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയ പരിസരവാസികൾ പൊലീസിലും അഗ്നിശമന സേനയിലും വിവരമറിയിച്ചു. ഇതിനിടെ അക്രമികൾ വാഹനത്തിൽ രക്ഷപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് പരിസരത്തെ വീടുകളിലേക്ക് തീ പടരാതെ നിയന്ത്രിച്ചത്. വീട്ടുവളപ്പിൽ ഉണ്ടായിരുന്ന ബുള്ളറ്റ് ബൈക്ക് നശിച്ചിട്ടുണ്ട്. ഷിയാസ് ബന്ധുവീട്ടിൽ പോയിരിക്കെയാണ് വീടിന് തീയിട്ടതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഗൾഫിൽ ജോലി നോക്കുന്ന ഷിയാസ് ബിസിനസ് പാർട്ണറുമായി പിണങ്ങി അടുത്തിടെ നാട്ടിലെത്തിയതാണെന്നും പാട്ണർ ഒരു കേസിൽപെട്ട് ഗൾഫിലെ ജയിലിൽ കഴിയുകയാണെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ഇരുവരും തമ്മിലുള്ള പകയാണെന്ന് സംശയിക്കുന്നെന്നും പൊലീസ് വ്യക്തമാക്കി. ഷിയാസിന്റെ പരാതിയിൽ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.