ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. വാധ്രയെ ഇന്നലെ ആറ് മണിക്കൂറോളം എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് പ്രിയങ്കയ്ക്കൊപ്പമാണ് വാധ്രഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയത്.
അദ്ദേഹത്തെ ഓഫീസിൽ ഇറക്കിയ ശേഷം പ്രിയങ്ക എ.ഐ.സി.സി ആസ്ഥാനത്ത് എത്തി പാർട്ടി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. ലണ്ടനിൽ ബ്രയൺസ്റ്റൻ സ്ക്വയറിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ ഇടക്കാല ജാമ്യം അനുവദിച്ച കോടതി, ചോദ്യം ചെയ്യലിന് ഹാജരാകാൻ വാധ്രയോട് നിർദേശിച്ചിരുന്നു. സാമ്പത്തിക ക്രമക്കേട് കേസിൽ അന്വേഷണ ഏജൻസിക്കു മുന്നിൽ വാധ്ര ഹാജരാകുന്നത് ആദ്യമായാണ്. വാധ്രയെ ഒരു ഏജൻസി ചോദ്യം ചെയ്യുന്നതും ആദ്യമാണ്.ലണ്ടനിൽ അനധികൃത സ്വത്തുക്കളുണ്ടെന്ന ആരോപണങ്ങൾ വാധ്ര ചോദ്യം ചെയ്യലിൽ നിഷേധിച്ചതായി അറിയുന്നു.
നാലുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വാധ്രയുടെ മൊഴികൾ എൻഫോഴ്സ്മെന്റ് രേഖപ്പെടുത്തി. ജോയിന്റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറും അടങ്ങിയ സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്.
സ്വത്തുക്കൾ വാങ്ങിയതിന്റെ ഇടപാടുകളെക്കുറിച്ചാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്. വിദേശ വിനിമയ ഇടപാടുകളുമായി ബന്ധപ്പെട്ട വകുപ്പുകളിലാണ് കേസ്. ഡിസംബർ 7ന് വാധ്രയുടെ ഡൽഹിയിലെയും ബംഗളുരുവിലെയും ഒാഫീസുകളിലും മറ്റും റെയ്ഡ് നടത്തിയിരുന്നു. വാധ്രക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് നീക്കത്തിനെതിരെ പാർലമെന്റിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം ഉയർത്തിയേക്കും. അന്വേഷണ ഏജൻസികളെ ബി. ജെ. പി ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്നലെ കോൺഗ്രസ് ആരോപിച്ചിരുന്നു.
കേസിങ്ങനെ
2009ൽ പെട്രോളിയം കരാറുകളിൽ നിന്ന് ലഭിച്ച കോഴപ്പണം ഉപയോഗിച്ച് ലണ്ടനിൽ 18 കോടി രൂപ വിലയുള്ള വീടും മറ്റ് ചില ഇടപാടുകൾ വഴി 85കോടി രൂപ വിലയുള്ള വസ്തുവകകളും വാങ്ങിയെന്നാണ് കേസ്. വിദേശത്ത് വാധ്രയ്ക്ക് മൂന്ന് വില്ലകളും ആറ് ആഡംബര ഫ്ളാറ്റുകളുണ്ടെന്നാണ് എൻഫോഴ്സ്മെന്റിന്റെ കണ്ടെത്തൽ.