കൊല്ലം: കഞ്ചാവ് പിടിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ കുടുങ്ങി. രേഖകൾ ഹാജരാക്കാതെയും കേസ് ഷീറ്റിൽ പ്രതികളല്ലാത്തവരെ ഉൾപ്പെടുത്തുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകി. കേസിലെ ഒന്നും മൂന്നും പ്രതികളെ വെറുതെവിടാനും മൂന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി രാമബാബു ഉത്തരവിട്ടു.
കേസ് കണ്ടെത്തിയ കൊല്ലം എക്സൈസ് റേഞ്ച് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ടെനിമോൻ, അന്വേഷണം നടത്തിയ എക്സൈസ് സി.ഐ ജെ.താജുദ്ദീൻകുട്ടി എന്നിവർക്കെതിരെയാണ് കോടതി ഉത്തരവ്. പത്തനാപുരം സ്വദേശികളായ കേസിലെ ഒന്നാംപ്രതി അനസ്, മൂന്നാംപ്രതി താസിം എന്നിവരെയാണ് വെറുതെവിട്ടത്. നേരത്തെ ജാമ്യത്തിലിറങ്ങിയ രണ്ടാം പ്രതി വിദേശത്തേക്ക് കടന്നു.
2012 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലം മുളവന പള്ളിമുക്കിന് സമീപം കാറിൽ കടത്തിക്കൊണ്ടുവന്ന 1.25 കിലോ കഞ്ചാവ് കണ്ടെടുത്തുവെന്നാണ് കേസ്. വാഹനമോടിച്ചിരുന്ന അനസിനെ ഒന്നാം പ്രതിയും വാഹനത്തിലുണ്ടായിരുന്ന അൻവറിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. 60 ദിവസത്തോളം ജയിൽവാസത്തിന് ശേഷമാണ് മൂന്നാം പ്രതി താസിമിന് ജാമ്യം ലഭിച്ചത്. എന്നാൽ പ്രതികളുടെ കുറ്റസമ്മതമൊഴി എഴുതിവാങ്ങുകയോ റെക്കാഡ് ചെയ്യുകയോ ചെയ്തില്ല. ജാമ്യത്തിലിറങ്ങിയ രണ്ടുപേരും മറ്റ് കേസുകളിൽപ്പെട്ട് ഒളിവിലായിരുന്നുവെന്നാണ് ഇതിന് കാരണമായി ഉദ്യോഗസ്ഥൻ കോടതിയെ ബോധിപ്പിച്ചത്. എക്സൈസ് റേഞ്ച് ഓഫീസിൽ നിന്ന് ഒപ്പിടുന്ന രജിസ്റ്ററും മറ്റ് രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ അത്തരം രജിസ്റ്ററുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി.
കേസിൽ പ്രതിചേർക്കപ്പെട്ട നാലുമുതൽ എട്ടുവരെയുള്ളവരെ നിരപരാധികളാണെന്ന് ബോദ്ധ്യപ്പെട്ട് വിട്ടയച്ചുവെന്നും ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. എന്നാൽ കുറ്റപത്രത്തിൽ ഇവരുടെ പേരുകളും ഉൾപ്പെടുത്തിയിരുന്നു. ഒരുതെളിവും ലഭിക്കാതെ ഇവരുടെ പേരുകൾ എങ്ങനെ ചാർജ്ഷീറ്റിൽ ഉൾപ്പെടുത്തിയെന്ന ചോദ്യത്തിനും ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.
അന്വേഷണ ഉദ്യോഗസ്ഥർ മാർച്ച് 5ന് കോടതിയിൽ കാരണം ബോധിപ്പിക്കണം. ഉദ്യോഗസ്ഥരുടെ മറുപടി തൃപ്തികരമല്ലെങ്കിൽ ആറുമാസം വരെ തടവും 10000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.