തിരുവനന്തപുരം: അനധികൃത പണപ്പിരിവും ഇല്ലാത്ത കാര്യത്തിന് ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതും ബി.ജെ.പി തിരുവനന്തപുരം ജില്ലാ ഘടകത്തിൽ ഭിന്നിപ്പിന് വഴിയൊരുക്കിയെന്ന് വിവരം. ബി.ജെ.പി ജില്ലാ കമ്മിറ്രിയുടെ ഒരു ബാങ്കിലെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ട്രഷററും വി.മുരളീധരൻ വിഭാഗക്കാരനായ നേതാവിനെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിൽ നിന്ന് മാറ്രി കത്ത് നൽകിയതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. ഇതോടെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയം കൊയ്യാൻ ബി.ജെ.പി കാത്തിരിക്കുന്ന തിരുവനന്തപുരത്ത് വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായി.
ബാങ്കിൽ നിന്ന് പിൻവലിച്ച പണത്തിന്റെ കണക്ക് നൽകാത്തതിനെ ട്രഷറർ ചോദ്യം ചെയ്തിരുന്നു. ഇതോടെ ട്രഷററെ മാറ്രാൻ ചിലർ ശ്രമിച്ചെങ്കിലും ജില്ലാ കോർകമ്മിറ്രി അനുവദിച്ചില്ല. ജില്ലാ പ്രസിഡന്റ് , ജനറൽ സെക്രട്ടറി എന്നിവരെക്കൂടാതെ ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികളും മോർച്ച സംസ്ഥാന പ്രസിഡന്റുമാരും ചേർന്നതാണ് ജില്ലാ കോർ ടീം.
ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കളിൽ കൂടുതലും വി.മുരളീധരൻ അനുകൂലികളായിരുന്നതിനാൽ ട്രഷററെ മാറ്രാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ജില്ലാ കമ്മിറ്രി പ്രമേയത്തിന്റെ സംക്ഷിപ്ത രൂപം മാത്രം നൽകി ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആളെ മാറ്രി കത്ത് നൽകുകയായിരുന്നു. സാധാരണ ഗതിയിൽ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരെ മാറ്രുമ്പോൾ അവരുടെ കൂടി ഒപ്പ് നൽകാറുണ്ട് . ഇത് കൂടാതെയാണ് കത്ത് നൽകിയതെന്നാണ് ആരോപണം.